കോവിഡ് മുക്തമെന്ന കാസർഗോഡിന്റെ ആശ്വാസത്തിന് മണിക്കൂറുകളുടെ ആയുസ് മാത്രം. അവസാനത്തെ രോഗിയും വൈറസ് മുക്തി നേടിയതിന് പിന്നാലെ ജില്ലയിൽ നാല് പേരിൽ കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുയർത്തുന്നു.
മുംബൈയിൽ നിന്നും വന്നവരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേർ കുമ്പള സ്വദേശികളും മറ്റുള്ളവർ പൈവളിഗെ, മംഗൽപാടി സ്വദേശികളുമാണ്. ഇവരിൽ കുമ്പള, മംഗൽപാടി സ്വദേശികൾ മെയ് എട്ടിന് ഒരുമിച്ചാണ് ജില്ലയിലേക്ക് വന്നത്. പൈവളിഗെ സ്വദേശി മെയ് നാലിനാണ് വന്നത്. രോഗലക്ഷണങ്ങൾ പ്രകടപ്പിച്ചതിനാൽ എല്ലാവരും ക്വാറന്റീനിൽ ആയിരുന്നു.
പരിമിതമായ സൗകര്യങ്ങളിൽ നിന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയായി കാസർഗോഡ് മാറിയ ഘട്ടത്തിലാണ് പുതിയ രോഗികളെ കണ്ടെത്തുന്നത്. പത്ത് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ജില്ലയിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെങ്കിലും നേരത്തെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ തുടർന്ന് പോകാമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
പുതിയ കോവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ അതിർത്തികളിൽ പരിശോധന കർശനമക്കും. തലപ്പാടി അതിർത്തി വഴി 1500 ലധികം കാസർഗോഡ് ജില്ലക്കാർ എത്തിയിട്ടുണ്ട്. നിലവിൽ വീടുകളിൽ 1025 പേരും ആശുപത്രികളിൽ 172 പേരുമാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇനി 196 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇന്ന് പുതിയതായി 22 പേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക