മത സ്പര്‍ദ വളര്‍ത്തുന്ന പരസ്യം നല്‍കിയതിന് ചെന്നൈയിലെ ഒരു ബേക്കറി ഉടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. മാമ്പളം സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്. ബാലമുരളിയാണ് മത സ്പര്‍ദ വളര്‍ത്തുന്ന പരസ്യം പ്രചരിപ്പിച്ചതിന്‍റെ പേരില്‍ ജെയിന്‍ ബേക്കറീസ് ഉടമസ്ഥന്‍ പ്രശാന്തിനെ അറസ്റ്റ് ചെയ്തത്.
ചെന്നൈ ടി നഗറിലെ മഹാലക്ഷ്മി സ്ട്രീറ്റിലെ വീട്ടിലാണ് ബേക്കറി പ്രവര്‍ത്തിക്കുന്നത്. ജൈന മതത്തില്‍പ്പെട്ടവരില്‍ നിന്നും ഓര്‍ഡര്‍ ലഭിക്കാനായി ബേക്കറിയുടെ ഉടമസ്ഥന്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച പരസ്യമാണ് അറസ്റ്റില്‍ കലാശിച്ചത്. ‘മുസ്‍ലിം ജോലിക്കാരില്ല, ഓര്‍ഡറുകള്‍ അനുസരിച്ച് ജൈനന്മാര്‍ ഉണ്ടാക്കിത്തരും.’ പരസ്യത്തിലെ ഈ വാചകങ്ങളാണ് പ്രശാന്തിനെ കുടുക്കിയത്. മുസ്‍ലിം സമൂഹത്തെ അവഹേളിക്കുക കൂടാതെ മത സ്പര്‍ദ വളര്‍ത്തുന്ന തരത്തിലും ഇത് പ്രചരിക്കുന്നുണ്ട്.
പരസ്യം സോഷ്യല്‍ മീഡിയയിലും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. കടയുടെ ഉടമസ്ഥന്‍ പങ്കുവെച്ച പോസ്റ്റര്‍ വലിയ തോതില്‍ പ്രചരിക്കുകയും ഇന്‍സ്പെക്ടര്‍ ബാലമുരളിയുടെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. ശേഷമാണ് പ്രശാന്തിനെതിരെ പൊലീസ് കേസെടുത്തത്.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ചെന്നൈയിലെ ജൈന സമുദായത്തില്‍നിന്നുള്ളവരുടെ കച്ചവടം ലഭിക്കാനായാണ് അയാള്‍ അങ്ങനെ ചെയ്തത്. മൊബൈല്‍ ആപ്പിലൂടെ ഇവര്‍ക്ക് ഓര്‍ഡര്‍ ലഭിക്കുകയും അതിനനുസരിച്ച് വീട്ടില്‍ത്തന്നെ സാധനങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുകയാണ്. ഇത് എന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെ വേണ്ട നടപടികള്‍ കൈക്കൊള്ളുകയായിരുന്നു. ഇന്‍സ്പെക്ടര്‍ ബാലമുരളി പറഞ്ഞു. 294 A, 504 വകുപ്പുകള്‍ ചുമത്തിയാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.