തിരുവനന്തപുരം: കേരള പൊലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്ടർ അവയവദാനത്തിന് എയര്‍ ആംബുലന്‍ലസായി ഉപയോഗിക്കുന്നു. കൊച്ചിയില്‍ ചികിത്സയിലുള്ള രോഗിക്കായി തിരുവനന്തപുരത്ത് നിന്ന് ഹൃദയം കൊണ്ടുപോകാനാണ് ഹെലികോപ്ടര്‍ ഉപയോഗിക്കുന്നത്. ഇന്ന് ഉച്ചയോടെ ഹൃദയവുമായി ഹെലികോപ്ടർ യാത്ര തിരിക്കും.
പൊലീസ് ഹെലികോപ്ടറിന്റെ ആദ്യ പറക്കലാണിത്. എറണാകുളം ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം തിരുവനപുരത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരം കിംസില്‍ മസ്തിഷ്‌കമരണം സംഭവിച്ച 50 വയസ്സുള്ള സ്ത്രീയുടെ ഹൃദയവുമായി ഉച്ചയ്ക്ക് രണ്ട് മണിയോടെ പൊലീസിൻ്റെ ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് എത്തിക്കുക. കൊച്ചി ഹയാത്ത് ഹോട്ടലിൻ്റെ ഹെലിപാടിൽ ഹെലികോപ്ടർ ഇറങ്ങും. നാല് മിനിറ്റ് കൊണ്ട് ഹൃദയം ആശുപത്രിയിൽ എത്തിക്കും. ഇതിനായി ഹയാത്ത് മുതൽ ലിസി വരെ ഗ്രീൻ കോറിഡോർ ഒരുക്കും.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കോടികള്‍ മുടക്കി പൊലീസ് ആവശ്യത്തിനെന്ന പേരിൽ ഹെലികോപ്റ്റർ വാടക്കെടുക്കാനുള്ള സർക്കാർ തീരുമാനം വൻ വിവാദമായിരുന്നു. മറ്റ് സ്വകാര്യ കമ്പനികളെല്ലാം തള്ളി ദില്ലി ആസ്ഥാനമായ പവൻ ഹൻസ് എന്ന കമ്പനിക്ക് 20 മണിക്കൂർ പറക്കാൻ ഒരു കോടി 44 ലക്ഷത്തി 60,000 രൂപക്ക് കരാർ നൽകിയതാണ് വിവാദമായത്. പക്ഷെ കരാറിൽ ഉറച്ചു നിന്ന മുഖ്യമന്ത്രി നേരത്തെ നിശ്ചയിച്ച സമയത്ത് തന്നെ ആദ്യഗഡു നൽകി.
കൊറോണ കാലത്തുള്ള സാമ്പത്തിക പ്രതിസന്ധിയും മറികടന്ന് പവൻ ഹൻസിനുള്ള ആദ്യ ഗഡുവായി ഒന്നര കോടി കൈമാറിയിരുന്നു. 11 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററാണ് സർക്കാർ വാടക്കെടുത്തത്. രോഗികളെ കൊണ്ടുപോകുന്നതിനുള്ള സൗകര്യങ്ങളും ഹെലികോപ്റ്ററിലുണ്ട്.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക