മഹാരാഷ്ട്രയിൽ കുട്ടികൾ അടക്കം അതിഥി തൊഴിലാളികൾക്ക് മേൽ ട്രെയിൻ പാഞ്ഞു കയറി, 15 മരണം

0
161

ഔറംഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദിൽ കുട്ടികൾ അടക്കം റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ അതിഥിത്തൊഴിലാളികൾക്ക് മേൽ ട്രെയിൻ പാഞ്ഞുകയറി 15 പേർ മരിച്ചു. മധ്യപ്രദേശിലേക്ക് കാൽനടയായി മടങ്ങുകയായിരുന്ന അതിഥി തൊഴിലാളികൾക്ക് മേലാണ് ചരക്ക് തീവണ്ടി പാഞ്ഞു കയറിയത്. കുടുംബമായാണ് ഇവർ പോയത്. 15 പേർ മരിച്ചു എന്നാണ് പ്രാഥമികമായ വിവരം ലഭിക്കുന്നതെങ്കിലും കൃത്യമായ മരണസംഖ്യ അധികൃത‍ർ പുറത്തുവിട്ടിട്ടില്ല. പുലർച്ചെ ആറ് മണിയോടെയാണ് ദുരന്തമുണ്ടായത് എന്നാണ് വിവരം. 

ഔറംഗബാദിനും ജൽനയ്ക്കും ഇടയിൽ കർമാദ് എന്ന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായിരിക്കുന്നത്. 

അതിവേഗം രോഗം പടരുന്ന മഹാരാഷ്ട്രയിൽ നിന്ന് തൊഴിലില്ലായതോടെ നിരവധി പേർ നാട്ടിലേക്ക് റോഡ് മാർഗവും അല്ലാതെയും നടന്നും മറ്റും പോകുന്നുണ്ടായിരുന്നു. ഈ സംഘത്തിൽ പെട്ടവരാണ് രാത്രി റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങി വൻ ദുരന്തത്തിന് ഇരയായത് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. 

ട്രെയിൻ ഗതാഗതം ഇല്ലെന്ന് കരുതി ട്രാക്കിൽ കിടന്നുറങ്ങിയവരാണ് ഇവർ എന്നാണ് വിവരം ലഭിക്കുന്നത്. എന്നാൽ ചരക്ക് തീവണ്ടികൾ സർവീസ് നടത്തുന്ന വിവരം ഇവർക്ക് അറിയില്ലായിരുന്നുവെന്നും അധികൃതർ അനൗദ്യോഗികമായി വിവരം നൽകുന്നു. ഈ വിവരം തന്നെ പുറത്തറിയാൻ ഏറെ വൈകിയിരുന്നു. രക്ഷാ പ്രവർത്തനം ഇപ്പോൾ മാത്രമാണ് തുടങ്ങിയിരിക്കുന്നത്. 

”ആർപിഎഫും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്”, എന്നാണ് സൗത്ത് സെൻട്രൽ റെയിൽവേ അറിയിക്കുന്നത്. മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടുമില്ല. 

അതിഥിത്തൊഴിലാളികൾക്കായി ശ്രമിക് എന്ന പേരിൽ തീവണ്ടികൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ഈ വിവരങ്ങൾ നഗരപ്രാന്തങ്ങളിൽ താമസിക്കുന്ന നിരവധിപ്പേർക്ക് ഇതൊന്നും അറിയില്ലായിരുന്നുവെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നതാണ്. തൊഴിലില്ലാതായതോടെ ടിക്കറ്റ് വാങ്ങാൻ പോലും കയ്യിൽ പണമില്ലാതിരുന്ന ഇവർ പലരും റോഡ് മാർഗവും മറ്റും നടന്നാണ് നാട്ടിലേക്ക് മടങ്ങിപ്പോകുന്നത്. 

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here