സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യവും കൊവിഡിന് മുന്നില്‍ തകര്‍ന്നടിഞ്ഞു,​ മരണ സംഖ്യ 30,000 കടന്നു,​ രോഗവ്യാപനം പ്രതിരോധിക്കാനാവാതെ രാജ്യം

0
181

ലണ്ടൻ: രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലം വരെയും സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ മേധാവികളായിരുന്നു ബ്രിട്ടൻ. ഓരോ വൻകരകളിലെയും ജനങ്ങളെയും മണ്ണിനെയും ചൂഷണം ചെയ്ത് കൊഴുത്ത ഈ നാട് കൊവിഡ് കാലത്ത് നിലയില്ലാ കയത്തിലേക്ക് മൂക്ക് കുത്തി വീഴുകയാണ്. ഇന്നലെ 649 പൗരന്മാർ കൂടി മരണത്തിന് കീഴടങ്ങിയതോടെ മരണ സംഖ്യ 30,076ലെത്തി. 72,000 പേർ കൊവിഡ് ബാധിതരായി മരിച്ച അമേരിക്ക മാത്രമാണ് ഇപ്പോൾ ബ്രിട്ടന് മുന്നിലുള്ളത്.

രോഗവ്യാപനം എങ്ങനെ പ്രതിരോധിക്കാമെന്ന് പോലും കണ്ടെത്താൻ ആകാത്തതാണ് ബ്രിട്ടൺ നേരിടുന്ന പ്രതിസന്ധി. ഏറ്റവും ഗുരുതരമായി കൊവിഡ് വ്യാപിച്ചിരുന്ന ഇറ്റലി പോലും കൊവിഡ് മരണത്തിൽ ബ്രിട്ടന് പിന്നിലായി കഴിഞ്ഞു. ഇന്നലെ 6111 പേരെ കൂടി വൈറസ് പിടികൂടിയതോടെ ആകെ രോഗികൾ രണ്ട് ലക്ഷം പിന്നിട്ടു. ഈ സ്ഥിതി തുടർന്നാൽ മരുന്നിന് പോലും ക്ഷാമം ബ്രിട്ടനെ ബാധിക്കും.

തെരുവിൽ മൃതദേഹങ്ങൾ കുമിഞ്ഞ് കൂടുന്ന ദയനീയ അവസ്ഥയിലേക്കാകും രാജ്യത്തെ എത്തിക്കുക. പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രസ്ഥാവന ഭരണകൂടത്തിന്റെ നിസഹായവസ്ഥ വെളിപ്പെടുത്തുന്നതാണ്. കെയർഹോമുകളിലെ വയോജനങ്ങളുടെ കൂട്ടമരണങ്ങൾ വിമർശനത്തിന് ഇടയാക്കുകയാണ്.

പകർച്ച വ്യാധിയെ കൈകാര്യം ചെയ്ത രീതിയുടെ പാളിച്ച അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കൊവിഡ്-19 ടെസ്റ്റ്, ട്രേസിംഗ് എന്നിവയുടെ കാര്യത്തിലും ബ്രിട്ടൻ ദയനീയ അവസ്ഥയിലാണെന്ന് മെഡിക്കൽ വിദഗ്ദരും ആരോപിക്കുന്നു. ഇന്നലെ ആശുപത്രികളിൽ 331 പേരാണ് രോഗം ബാധിച്ച് മരിച്ചതെന്ന് എൻ.എച്ച്.എസ് ഇംഗ്ലണ്ട് പറയുന്നു. സ്‌കോട്ട്‌ലൻഡിൽ 83 മരണങ്ങളും വെയിൽസിൽ 21 മരണങ്ങളും നോർത്തേൺ അയർലണ്ടിൽ 14 മരണങ്ങളും ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തു.

മരണങ്ങളെല്ലാം കൊവിഡ് പട്ടികയിൽ ഉൾപ്പെടുത്താൻ മടിക്കുന്നതാണ് എണ്ണം കുറച്ച് കാട്ടാൻ ഇടയാക്കുന്നത്. നാഷണൽ സ്റ്റാറ്റിറ്റിക്‌സ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം യുകെയിൽ 40,000ത്തിൽ അധികം പേരെങ്കിലും കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടാകാം. സ്‌കോട്ട്‌ലൻഡിൽ 1703 പേർ മരിച്ചെന്ന് സർക്കാർ പറയുമ്പോൾ 2795 ആണെന്നാണ് നാഷണൽ റെക്കോർഡ്‌സ് ഫോർ സ്‌കോട്ട്‌ലാൻഡ് വാദം. ആവശ്യത്തിന് ടെസ്റ്റുകൾ പോലും നടത്താൻ സാധിക്കാത്ത ദയനീയ സ്ഥിതിയും തൊഴിലില്ലായ്മയും രാജ്യത്തെ വല്ലാതെ ഉലയ്ക്കുകയാണ്.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here