ന്യൂദൽഹി: (www.mediavisionnews.in) പെട്രോളിന്റേയും ഡീസലിന്റേയും ഏക്സൈസ് തീരുവ കുത്തനെ ഉയർത്തി കേന്ദ്ര സർക്കാർ. പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയുമാണ് വർധിപ്പിച്ചത്. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിയുമ്പോഴാണ് കേന്ദ്രം ടാക്സ് വർധന നടപ്പിലാക്കിയത്.
റോഡ് ഇൻഫ്രാ സെസ് ഇനത്തിൽ മാത്രം പെട്രോളിനും ഡീസലിനും എട്ട് രൂപയാണ് വർധിപ്പിച്ചത്. ഇതിന് പുറമെ എക്സെെസ് തീരുവ പെട്രോളിന് 10 രൂപയും ഡീസലിന് അഞ്ചുരൂപയുമാക്കി.
നികുതി വർധനയോടെ 1.6 ലക്ഷം കോടി രൂപയുടെ അധിക വരുമാനം സർക്കാരിന് ലഭിക്കുമെന്നാണ് കരുതുന്നത്.
ഇന്ന് മുതൽ വർധനവ് പ്രാബല്യത്തിൽ വരും. തീരുവ വർധിപ്പിച്ചെങ്കിലും ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞതിനാൽ റീട്ടെയിൽ മാർക്കറ്റിൽ വില വർധന അനുഭവപ്പെടില്ല. നിലവിൽ ഒരു ലിറ്റർ പെട്രോളിന് 32.98 രൂപ നികുതിയായി കൊടുക്കണം. ഡീസലിന് ഇത് 31.83 രൂപയാണ്. 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറുമ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു നികുതി.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ആഗോള തലത്തിൽ എണ്ണ വില ഇടിഞ്ഞതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് കേന്ദ്രം നികുതി വർധനവ് നടപ്പിലാക്കുന്നത്. നേരത്തെ മാർച്ച് 16ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപയുടെ വില വർധനവ് കൊണ്ടുവന്നിരുന്നു. ഇതിലൂടെ 39,000 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാരിന് ലഭിച്ചത്.