ദുബൈ: നാട്ടിലേക്ക് മടങ്ങുവാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന പ്രവാസികളെ കൊള്ളയടിച്ച് പണംതട്ടാൻ തക്കം പാർത്ത് സൈബർ ക്രിമിനലുകൾ വട്ടമിടുന്നു. നാട്ടിലേക്ക് വിമാനയാത്ര പുനരാരംഭിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ മനോവികാരം മുതലാക്കിയാണ് പുതിയ വഞ്ചന. ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന്, എംബസിയിൽ നിന്ന് എന്ന വ്യാജേന വിളിച്ചാണ് തട്ടിപ്പുകാർ ജനങ്ങളെ വഞ്ചിക്കുന്നത്. മടക്കയാത്രക്കുള്ള ടിക്കറ്റിനെക്കുറിച്ച് സംസാരിക്കുന്നതിന് എന്ന മുഖവുരയോടെയാണ് വിളിക്കുക.
നാട്ടിലേക്ക് പോകുന്നതിനുള്ള ലിസ്റ്റും ടിക്കറ്റും റെഡിയാവുന്നുണ്ടെന്നും അതിൻറെ രജിസ്ട്രേഷനു വേണ്ടി നിങ്ങളുടെ മൊബൈലിലേക്ക് വന്ന ഒ.ടി.പി നമ്പർ പറഞ്ഞു തരണമെന്നും ആവശ്യപ്പെടും. എങ്ങിനെയെങ്കിലും നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസി മുൻപിൻ ആലോചിക്കാതെ നമ്പർ പറഞ്ഞു കൊടുത്താൽ അതോടെ ബാങ്ക് അക്കൗണ്ടിൽ അവശേഷിക്കുന്ന തുക നിമിഷ നേരം കൊണ്ട് അവർ സ്വന്തമാക്കും. സമൂഹ മാധ്യമ അക്കൗണ്ടുകളുടെ പാസ്വേർഡ് മാറ്റി ഹാക്ക് ചെയ്യാനും അതു വഴി ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാനും ശ്രമം നടത്തുന്നവരുമുണ്ട്.
കഴിഞ്ഞ ദിവസം നൂറു കണക്കിനാളുകൾക്കാണ് ഇത്തരത്തിൽ ഒ.ടി.പിയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും തിരക്കി ഫോൺവിളി എത്തിയത്. സംസാരത്തിൽ പന്തികേട് തോന്നി എംബസിയിൽ വിളിച്ച് ഉറപ്പാക്കിയ ശേഷം ഒ.ടി.പി നമ്പർ തരാമെന്നു പറഞ്ഞ സ്ത്രീക്ക് സിം ബ്ലോക്ക് ചെയ്യും എന്ന ഭീഷണിയാണ് മറുപടിയായി ലഭിച്ചത്. പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞതോടെ തട്ടിപ്പുകാർ ഫോൺ വെച്ചുപോവുകയായിരുന്നു.
ഇത്തരം സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ജനങ്ങൾക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
കോൺസുലേറ്റ് അധികൃതർ യാത്രാ വിവരങ്ങൾ അറിയിക്കാൻ വിളിക്കുമെങ്കിലും ഒരു കാരണവശാലും ഒ.ടി.പി നമ്പറോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ആവശ്യപ്പെടില്ല. ടിക്കറ്റിെൻറ നിരക്ക് പോലും വിമാനകമ്പനികളിലേക്ക് നേരിട്ടാണ് അടക്കേണ്ടത് എന്ന് അധികൃതർ വ്യക്തമാക്കുന്നു.