പൂനെ: ലോക്ക്ഡൗണില്‍ പൊലീസുകാരുടെ സാന്നിദ്ധ്യത്തിലൊരു വിവാഹം. പൂനെയിലാണ് മാര്‍ക്കറ്റിംഗ് പ്രൊഫഷണലും ഡോക്ടറും പൊലീസ് സാന്നിദ്ധ്യത്തില്‍ വിവാഹിതരായത്. പൊലീസ് ഓഫീസര്‍മാരിലൊരാളും അദ്ദേഹത്തിന്‍റെ ഭാര്യയും ഇവരുടെ രക്ഷിതാക്കളായി നിന്ന് കന്യാദാനം നടത്തി.
ആദിത്യ ബിഷ്തും നേഹാ കുശ്വാഹയുമാണ് മെയ് 2 ന് പൊലീസ് സാന്നിദ്ധ്യത്തില്‍ വിവാഹം നടത്തി വ്യത്യസ്തരായത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ വച്ചാണ് ഇവര്‍ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം തീരുമാനങ്ങളെല്ലാം മാറി മറിയുകയായിരുന്നു.
നാഗ്പൂരിലും ഡെറാഡൂണിലുമുള്ള ഇവരുടെ രക്ഷിതാക്കള്‍ വീഡിയോ കോളിലൂടെ വിവാഹത്തില്‍ പങ്കെടുത്തു. ഇവര്‍ക്ക് ലോക്ക്ഡൗണ്‍ സമയത്ത് ഡെറാഡൂണിലെത്താന്‍ മാര്‍ഗ്ഗം തേടി ആദിത്യയുടെ പിതാവ് പൂനെ പൊലീസിനെ സമീപിച്ചിരുന്നു. ഹഡപ്സാര്‍ പൊലീസ് സ്റ്റേഷനിലെ നോഡല്‍ ഓഫീസര്‍ പ്രസാദ് ലൊനാരെയെയാണ് അദ്ദേഹം വിളിച്ചത്.
ലോക്ക്ഡൗണ്‍ സമയത്ത് ഈ ആവശ്യത്തിനായി യാത്ര ചെയ്യാനാകില്ലെന്ന് പൊലീസ് അറിയിച്ചതോടെ പൂനെയില്‍ വച്ചുതന്നെ വിവാഹം നടത്താന്‍ മക്കളെ സഹായിക്കാമോ എന്ന് അദ്ദേഹം പൊലീസ് ഓഫീസറോട് ചോദിച്ചു. ”ഞാന്‍ എന്‍റെ ഉന്നത ഉദ്യോഗസ്ഥരോട് സംസാരിച്ചു. അവര്‍ അനുവാദവും നല്‍കി” – പ്രസാദ് ലൊനാരെ പറഞ്ഞു.
”എല്ലാ സജീകരണങ്ങളും ഒരുക്കാന്‍ ഞങ്ങള്‍ സഹായിച്ചു. സഹപ്രവര്‍ത്തകനായ മനോജ് പട്ടീലും ഭാര്യയും വിവാഹച്ചടങ്ങുകള്‍ക്ക് രക്ഷിതാക്കളുടെ സ്ഥാനത്തുനിന്നു. ഇരുവരുടെയും മാതാപിതാക്കള്‍ വീഡിയോ കോളില്‍ ഒപ്പം ചേര്‍ന്നു. ” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക