മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശം; അര്‍ണബ് ഗോസ്വാമിക്കെതിരെ മുംബെെ പൊലീസ് കേസെടുത്തു

0
268

മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അര്‍ണബിനെ കൂടാതെ റിപ്പബ്ലിക് ടിവി ചാനലിലെ രണ്ട് പേര്‍ക്കെതിരെ കൂടി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഏപ്രില്‍ 29ന് റിപ്പബ്ലിക് ടിവിയിലൂടെ ബാന്ദ്രയിലെ ഒരു മുസ്ലീം പള്ളിയെക്കുറിച്ച് തെറ്റായ പരാമര്‍ശം നടത്തിയെന്നാണ് കേസ്. പള്ളിക്ക് മുന്‍പിലുണ്ടായ ആള്‍ക്കൂട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ഇതിനെ ചോദ്യം ചെയ്യുന്നതരത്തിലുള്ള പരാമര്‍ശങ്ങളാണ് ചാനലിലൂടെ ഉയര്‍ത്തിയത്.

എന്നാല്‍ ഏപ്രില്‍ 14ന് ലോക്ക് ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്ന് നാടുകളിലേക്ക്  തിരികെ പോവണമെന്ന ആവശ്യമുന്നയിച്ച് സംഘം ചേര്‍ന്ന കുടിയേറ്റ തൊഴിലാളികളുടെ ചിത്രമായിരുന്നു ചാനല്‍ തെറ്റായി വ്യാഖ്യാനിച്ച് ഏപ്രില്‍ 29ന് പുറത്തുവിട്ടതെന്നാണ് പരാതി.

ഇതിനെതിരെ റാസ എജ്യുക്കേഷന്‍ വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ഇര്‍ഫാന്‍ അബൂബക്കര്‍ ഷെയ്ക്ക് സൗത്ത് മുംബൈ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മുസ്ലീം പള്ളിക്കും പള്ളിക്ക് പുറത്തുണ്ടായ ആള്‍ക്കൂട്ടത്തിനും തമ്മില്‍ ബന്ധമില്ലെന്ന് പരാതിയില്‍ ഇര്‍ഫാന്‍ അബൂബക്കര്‍ പറയുന്നു.

കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെുള്ള പ്രകോപനം, മതത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, മത വികാരങ്ങളെ വ്രണപ്പെടുത്തി, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നേരത്തെ സോണിയ ഗാന്ധിക്കെതിരായ വിവാദപരാമര്‍ശത്തിലും അര്‍ണബിനെതിരെ അന്വേഷണം നടന്നിരുന്നു. രാജ്യത്തെ 150ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് നടത്തിയ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കെതിരെ അർണബ് പരാമർശം നടത്തിയത്.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here