തുറക്കുന്ന കടകളും ഓഫീസുകളും ഏതെല്ലാം; യാത്രാസൗകര്യങ്ങളും നിയന്ത്രണങ്ങളും ഇങ്ങനെ!

0
238

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് കേസുകൾ ഇല്ലാതാക്കാനുള്ള മുന്നൊരുക്കൾ ശക്തമാക്കി സംസ്ഥാന സർക്കാർ. മൂന്നാം ഘട്ട ലോക്ക് ഡൗൺ രാജ്യത്ത് തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളും ഇളവുകളും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. വ്യാപാര സ്ഥാനങ്ങൾ തുറക്കുന്നതിലും വാഹന ഗതാഗതം തുടരുന്നതിലും വ്യക്തമായ നിർദേശങ്ങൾ സർക്കാർ മുന്നോട്ട് വെച്ചു. കർശന നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിച്ചാകും സംസ്ഥനത്ത് ഇളവുകൾ ലഭിക്കുക. കേന്ദ്ര സർക്കാർ നൽകിയ മാർഗനിർദേശങ്ങൾ പാലിച്ചാകും സംസ്ഥാനത്തെ പ്രവർത്തനങ്ങളും.

തുറക്കുന്ന കടകളും വ്യാപാരസ്ഥാപനങ്ങളും

ഗ്രീൻ സോണുകളിൽ രാവിലെ 7 മുതൽ രാത്രി 7.30വരെ കടകൾക്ക് തുറന്ന് പ്രവർത്തിക്കാം. ആഴ്‌ചയിൽ 6 ദിവസം കടകൾ തുറക്കാം. ഓറഞ്ച് സോണുകളിൽ നിലവിലെ സ്ഥിതി തുടരും. ഗ്രീൻ, ഓറഞ്ച് സോണുകളിൽ ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റൈൽ സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാം. അഞ്ചിൽ താഴെ മാത്രമേ ജീവനക്കാർ പാടുള്ളൂ. ഹോട്ട്സ്‌പോട്ടുകൾ ഒഴികെയുള്ള ഇടങ്ങളിൽ ഹോട്ടലുകൾക്കും ഭക്ഷണശാലകൾക്കും പ്രവർത്തിക്കാം. ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുവാദമില്ല. പാർസൽ സൗകര്യം മാത്രമാണ് ലഭ്യമാകുക. നിലവിലെ സമയക്രമം പാലിക്കാതെ കടകൾക്ക് നിലവിലെ സ്ഥിതി തുടരും. ഞായറാഴ്‌ച കടകൾ തുറക്കരുതെന്നും അന്നേ ദിവസം പൂർണ്ണ അവധിയായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആവശ്യ സേവനങ്ങളല്ലാത്ത സർക്കാർ ഓഫീസുകൾ മേയ് 15വരെ പ്രവർത്തിക്കാമെന്നും സർക്കാർ വ്യക്തമാക്കി.

സംസ്ഥാനത്തെ ഗതാഗതം ഇങ്ങനെ

സംസ്ഥാനത്ത് കൊവിഡ് ഭീതി തുടരുന്നതിനാൽ പൊതുഗതാഗതം ഗ്രീൻ സോണുകളിലടക്കം ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർക്ക് പുറമെ രണ്ട് പേരിൽ കൂടുതൽ യാത്ര ചെയ്യരുത്. ഹോട്ട് സ്‌പോട്ടുകളിൽ ഈ ഇളവ് ഉണ്ടാകില്ല. ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടില്ല. ഒരാൾ മാത്രമേ സഞ്ചരിക്കാവൂ എന്നാണ് നിർദേശം. ഹോട്ട് സ്‌പോട്ട് അല്ലാത്ത ഇടങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ ഇളവുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രീൻ, ഓറഞ്ച് സോണുകളിൽ ടാക്‌സി ഊബർ ടാക്‌സി എന്നിവ അനുവദിക്കും.

ഇളവുകൾ നൽകാൻ മടിച്ച് സർക്കാർ

കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഇളവുകൾ പൂർണ്ണമായും നൽകാൻ സംസ്ഥാന സർക്കാരിന് താൽപ്പര്യമില്ല. കൊവിഡ് വ്യാപനം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാരിൻ്റെ നീക്കം. മദ്യശാലകൾ തുറക്കേണ്ടതില്ലെന്ന തീരുമാനം അതിൻ്റെ ഭാഗമാണ്. മദ്യശാലകൾ തുടർന്നാൽ സാമൂഹിക അകലം തകർക്കപ്പെടാൻ സാധ്യത കൂടുതലാണെന്ന നിഗമനത്തിലാണ് സർക്കാർ. കേന്ദ്രം പുറപ്പെടുവിച്ച പൊതുവായ മാർഗനിർദേശങ്ങളുടെ ചട്ടക്കൂടിന് അകത്ത് നിന്നുകൊണ്ട് സംസ്ഥാനത്തെ സവിശേഷതകൾ കൂടി പാലിച്ച് നിയന്ത്രണങ്ങൾ പാലിച്ചാൽ മതിയെന്നാണ് സർക്കാർ തീരുമാനം. ഇളവുകളുടെ കാര്യത്തിലും ഇതേ രീതിയാണ് സർക്കാർ പിന്തുടരുക.

കൃഷിക്കും വ്യവസായത്തിനും ഇളവുകൾ തുടരും

സംസ്ഥാനത്തെ കൃഷി വ്യവസായ മേഖലകളിൽ സർക്കാർ നേരത്തെ പ്രഖ്യാപിച്ച ഇളവുകൾ തുടരും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇളവുകളും ലഭ്യമാകും. കാർഷിക നാണ്യ വിളകളുടെ വ്യാപാരം നിശ്ചലമായത് കർഷകരെ ബാധിക്കുന്നുണ്ടെന്ന് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കാർഷിക മേഖലയ്‌ക്ക് എല്ലാ പ്രോത്സാഹനവും നൽകും. മലഞ്ചരക്ക് വ്യാപാര ശാലകൾ ആഴ്‌ചയിൽ രണ്ട് ദിവസം തുറന്ന് പ്രവർത്തിക്കും. വ്യാവസായിക – വാണിജ്യ വൈദ്യുതി ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജ് അടക്കാൻ പ്രഖ്യാപിച്ച ഇളവുകൾ സ്വകാര്യ ആശുപത്രിക്കും ബാധകമാക്കാൻ ശുപാർശ ചെയ്‌തു.

സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വയനാട് കണ്ണൂർ ജില്ലകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 8 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. ഒരുമാസമായി വയനാട്ടിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നില്ല. കണ്ണൂരിൽ ആറും ഇടുക്കിയിൽ രണ്ടും കേസുകളാണ് നെഗറ്റീവ് ആയത്. 499 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 96 പേർ ചികിത്സയിലാണ്. 499 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിലാണ് വിവരങ്ങൾ വ്യക്തമാക്കിയത്. 21894 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here