ആന്റാസിഡ് വിഭാഗത്തില്‍ പെടുന്ന വില കുറഞ്ഞ ഒരു മരുന്നാണ് ഇപ്പോള്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ ലോകത്തിന്റെ പ്രതീക്ഷകളിലൊന്ന്. ഒരു ഗുളികക്ക് വെറും 40പൈസയില്‍ താഴെ മാത്രം വില വരുന്ന ഫാമോടിഡൈനാണ് പുതിയ പ്രതീക്ഷ. കോവിഡിനെതിരെ വിജയിച്ചാല്‍ ആവശ്യകത കുതിച്ചുയരുമെന്ന് കണ്ട് ഈ മരുന്ന് ശേഖരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള മരുന്നു വിതരണ ശൃഘലയായ ജന്‍ഔഷധിക്കും മരുന്ന് വിതരണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള നാഷണള്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംങ് അതോറിറ്റിക്കുമാണ് ഫാമോട്ടിഡൈനിന്റെ ഉത്പാദന വിതരണ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഫാമോസിഡ് എന്ന് ബ്രാന്‍ഡ് നെയിമില്‍ ഇന്ത്യയിലും പെപ്‌സിഡ് എന്ന ബ്രാന്റ് നെയിമില്‍ അമേരിക്കയിലും വില്‍ക്കുന്ന മരുന്നാണ് ഫാമോട്ടിഡൈന്‍. ചൈനയില്‍ വുഹാനിലെ ചില വയോധികരായ കോവിഡ് രോഗികളില്‍ ഈ മരുന്ന് ഫലപ്രദമായെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കോവിഡ് രോഗികളില്‍ ഈ മരുന്നിന്റെ പരീക്ഷണങ്ങള്‍ അമേരിക്കയില്‍ നടക്കുകയാണ്. ഇത് വിജയിച്ചാല്‍ ഉണ്ടാകാനിടയുള്ള വര്‍ധിച്ച ആവശ്യം കണക്കിലെടുത്താണ് ഇന്ത്യ മരുന്ന് ശേഖരിക്കാന്‍ തയ്യാറായിരിക്കുന്നത്.
ഹൈഡ്രോക്‌സിക്ലോറോക്വിനുണ്ടായ അതേപോലെ വര്‍ധിച്ച ആവശ്യം ഭാവിയില്‍ ഫാമോട്ടിഡൈനും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കേന്ദ്രമന്ത്രി മന്‍സുക് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഫാമോട്ടിഡൈന്‍ രാജ്യത്തെ അയ്യായിരത്തോളം ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ ആവശ്യത്തിന് സ്‌റ്റോക് എത്തുമെന്ന് ഉറപ്പിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മാത്രമല്ല പാരസെറ്റമോളും വലിയ അളവില്‍ ലോകത്തിന്റെ പലഭാഗത്തേക്കും ഇന്ത്യ കയറ്റി അയക്കുന്നുണ്ട്.
വയറ്റിലുണ്ടാകുന്ന അസിഡിറ്റി നിയന്ത്രിക്കാനും നെഞ്ചെരിച്ചില്‍ കുറക്കാനുമാണ് ഫാമോട്ടിഡൈന്‍ ഉപയോഗിക്കാറ്. പൊതുവെ സുരക്ഷിതമായാണ് ഈ മരുന്ന് വിലയിരുത്തപ്പെടുന്നത്. അപൂര്‍വ്വമായി തലവേദനയും അതിസാരവും ഇതിന്റെ പാര്‍ശ്വഫലങ്ങളായി കണ്ടുവരാറുണ്ട്.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക