അതിഥി തൊഴിലാളികൾക്കായി കേരളത്തില്‍ നിന്ന് ആദ്യ സ്പെഷ്യല്‍ ട്രെയിന്‍; ഇന്ന്‌ വൈകിട്ട്‌ ഒഡിഷയിലേക്ക്

0
222

കൊച്ചി∙ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി കേരളത്തിൽ നിന്നുള്ള ആദ്യ ട്രെയിൻ ഇന്ന് വൈകിട്ട് ആലുവയിൽ നിന്ന് പുറപ്പെടും. ആലുവയിൽ നിന്ന് ഒഡിഷയിലേക്ക് ആദ്യ സർവീസ്. ഒരു ട്രെയിനിൽ 1,200 പേരെ കൊണ്ടുപോകും. നാളെ 5 ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് സ്‌റ്റേഷനുകളില്‍നിന്നും സര്‍വീസ് നടത്തുന്നത് പരിഗണനയിലാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. ഇതിനായി ഒരു ട്രെയിൻ തയാറാക്കിയിടാൻ റെയിൽവേ അധികൃതർക്ക് നിർദേശം ലഭിച്ചതിനെ തുടർന്ന് ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ട്രെയിൻ പുറപ്പെടുന്ന കൃത്യ സമയം ഉൾപ്പടെയുള്ള വിവരങ്ങൾ റെയിൽവേ പുറത്തു വിട്ടിട്ടില്ല.  

ആദ്യ ട്രെയിനിൽ ആയിരം പേരെ കൊണ്ടുപോകാനാണ് റെയിൽവേ തീരുമാനിച്ചിട്ടുള്ളത്. ജില്ലാ ഭരണകൂടം മുൻഗണനാടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനിൽ എത്തിക്കുന്നവരെയാണ് കൊണ്ടു പോകുക. തൊഴിലാളികളുടെ താമസസ്ഥലത്തു നിന്ന് അധികൃതർ തന്നെ ബസിൽ ഇവരെ സ്റ്റേഷനിലെത്തിച്ച് സാമൂഹിക അകലം പാലിച്ച് വരി നിർത്തി ട്രെയിനുകളിൽ പ്രവേശിപ്പിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. സീറ്റുകളിലും അകലം പാലിച്ചു തന്നെ ആയിരിക്കും ഇരുത്തുക.

അതേ സമയം ഇതു സംബന്ധിച്ച വിവരം അതിഥി തൊഴിലാളികൾ അറിയുന്നതോടെ ആളുകൾ കൂട്ടമായി ഇറങ്ങിപ്പറപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് ഉള്ളത്. അതുകൊണ്ടു തന്നെ ഈ വിവരം റെയിൽവേ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. നാട്ടിൽ പോകുന്നതിനുള്ള ആവശ്യവുമായി കൂടുതൽ ആളുകൾ സംഘടിച്ച് എത്താനുള്ള സാധ്യതയും അധികൃതർ മുൻകൂട്ടി കാണുന്നുണ്ട്.

ഇന്നു രാവിലെ അഞ്ചുമണിക്ക് തെലങ്കാനയിൽ നിന്ന് ജാർഖണ്ഡിലേയ്ക്ക് അതിഥിതി തൊഴിലാളികളുമായുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടിരുന്നു. 1200 തൊഴിലാളികളുമായായിരുന്നു ലോക്ഡൗണിനു ശേഷമുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടത്. 

LEAVE A REPLY

Please enter your comment!
Please enter your name here