പുതിയ വീഡിയോ കോളിങ് ആപ്ലിക്കേഷനുമായി റിലയന്‍സ് ജിയോ വരുന്നു. ജിയോ മീറ്റ് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ വഴി ഒരേസമയം നൂറ് പേരെ വരെ വിളിക്കാനാകും. എത്രയും വേഗത്തില്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.
ലോക്ഡൗണിനെ തുടര്‍ന്ന് ലോകത്താകെ വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷനുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയിരുന്നു. ഇതേ തുടര്‍ന്ന് സൂം ആപ്ലിക്കേഷന് വലിയതോതിലാണ് ഉപഭോക്താക്കളെ ലഭിച്ചത്. എന്നാല്‍ സ്വകാര്യ വിവരങ്ങള്‍ ചോരുന്നുവെന്ന ആരോപണം സൂമിന് തിരിച്ചടിയായി. ഇതിന് പിന്നാലെയാണ് റിലയന്‍സ് ജിയോ വീഡിയോ കോളിങ് വിപണി പിടിക്കാന്‍ കച്ചകെട്ടി ഇറങ്ങുന്നത്. നേരത്തെ തന്നെ ജിയോ വീഡിയോ കോളിങ് ആപ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചിരുന്നെങ്കിലും വിപുലമായ ഫീച്ചറുകളോടെ പുറത്തിറക്കുമെന്ന് പറയുന്നത് ആദ്യമാണ്.
ഏത് ഓപറേറ്റിംങ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലും കമ്പ്യൂട്ടറിലും ലാപ്‌ടോപിലുമെല്ലാം ജിയോ മീറ്റ് ഉപയോഗിക്കാനാകുമെന്നാണ് റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് പങ്കജ് പവാര്‍ അറിയിച്ചത്. സാധാരണ വീഡിയോ കോളുകള്‍ക്കൊപ്പം അധിക ഫീച്ചറുകളും ജിയോ മീറ്റിലുണ്ടാകുമെന്നും സൂചനകളുണ്ട്. ഡോക്ടര്‍മാര്‍ക്ക് രോഗികളെ കാണുന്നതിനും അധ്യാപകര്‍ക്ക് ക്ലാസെടുക്കുന്നതിനുമെല്ലാം ഇത് അനുയോജ്യമാണെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.
അടുത്തിടെയാണ് ഗൂഗിളിന്റെ വീഡിയോ കോണ്‍ഫറന്‍സിംങ് ആപ്പായ ഗൂഗിള്‍ മീറ്റില്‍ ഒരു കോളില്‍ പരമാവധി നൂറ് പേരെ ഉള്‍പ്പെടുത്താമെന്ന് അറിയിച്ചത്. ജിമെയില്‍ അക്കൗണ്ട് ഉള്ള ആര്‍ക്കും ഈ സേവനം ഉപയോഗിക്കാം. ഫേസ്ബുക്ക് തങ്ങളുടെ മെസഞ്ചര്‍ റൂം വഴി പരമാവധി 50 പേരെ വീഡിയോ കോളില്‍ ഉള്‍ക്കൊള്ളാന്‍ അവസരം നല്‍കുന്നുണ്ട്. വാട്‌സ്ആപ് തങ്ങളുടെ ഗ്രൂപ്പ് വീഡിയോ കോളില്‍ ഉള്‍പ്പെടുത്താവുന്നവരുടെ എണ്ണം നാലില്‍ നിന്നും എട്ടാക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ സൗകര്യം നിലവില്‍ ഐ.ഒ.എസ് ഉപഭോക്താക്കള്‍ക്ക് മാത്രമേ ലഭ്യമായിട്ടുള്ളൂ.