കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്തേർപ്പെടുത്തിയ ലോക്ക് ഡൗണിന്‍റെ രണ്ടാംഘട്ടവും അവസാനിക്കാൻ പോവുകയാണ്. മെയ് 3 വരെയാണ് ദേശവ്യാപകമായി കേന്ദ്രസർക്കാർ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങൾ കൂടുതലിളവുകളോടെ ലോക്ക് ഡൗൺ നീട്ടുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാഴ്ചത്തേക്കാണ് പഞ്ചാബ് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. രാജ്യത്ത് മെയ് മൂന്നിന് ശേഷം പ്രാദേശിക ലോക്ക് ഡൗൺ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഹോങ്കോങ് സ്വീകരിച്ച മാതൃകയാകുമോ രാജ്യം മെയ് മൂന്നിന് ശേഷം നടപ്പിലാക്കുകയെന്ന ചോദ്യങ്ങളും ഉയർന്നിട്ടുണ്ട്. ഹോങ്കോങ് കൊവിഡ് പ്രതിരോധത്തിന് സ്വീകരിച്ച മാതൃകയെന്താണെന്ന് നോക്കാം.
രാജ്യത്തെ ലോക്ക് ഡൗൺ പ്രഖ്യാപനം
മാർച്ച് 24 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനം തടയുന്നതിനായി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നെന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്. കർശന നിയന്ത്രമങ്ങളോടെ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്‍റെ ആദ്യ ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ അതിഥി തൊഴിലാളികളുടെ മടക്കവും മറ്റും സംബന്ധിച്ചുള്ള വാർത്തകൾ പുറത്ത് വന്നെങ്കിലും പിന്നീട് ഫലപ്രദമായി തന്നെ ഇത് നടപ്പിലാക്കപ്പെട്ടു. പിന്നീട് രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്രസർക്കാർ മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടുകയും ചെയ്തു. കൊവിഡ് ബാധയുടെ തീവ്രത അടിസ്ഥാനമാക്കി രാജ്യത്തെ വിവിധ സോണുകളായി തിരിച്ച് ഇളവുകളോടെയായിരുന്നു രണ്ടാംഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
രാജ്യത്ത് കൊവിഡ് മരണം 1000 കടന്നു
ആരോഗ്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക കണക്കുപ്രകാരം, 31,332 പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ്- 19 മൂലം മരിച്ചവരുടെ എണ്ണം 1007 ആയും ഉയർന്നിട്ടുണ്ട്. ഇന്നലെ വരെ 934 പേരുടെ മരണമായിരുന്നു സ്ഥിരീകരിച്ചതെങ്കിൽ, കഴിഞ്ഞ 24 മണിക്കൂറിനിടെ 73 പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് മരണസംഖ്യ 1,000 കടന്നത്.
ഹോങ്കോങ്ങിലെ കൊവിഡ് ബാധ
ചൈനയിലെ വുഹാനിൽ പൊട്ടിപുറപ്പെട്ട കൊവിഡ്-19 വൈറസ് ഏറ്റവും ആദ്യം വ്യാപിച്ച രാജ്യങ്ങളിലൊന്നാണ് ഹോങ്കോങ്. ജനുവരി 23 നായിരുന്നു ഹോങ്കോങ്ങിൽ ആദ്യ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. പിന്നീട് മാർച്ച് രണ്ടാകുമ്പോഴേക്കും രോഗം ബാധിച്ചവരുടെ എണ്ണം 100 ആയി ഉയർന്നു. ഈ സമയത്ത് തന്നെയായിരുന്നു ഇന്ത്യയിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാനാരംഭിച്ചത്. അതിനുമുമ്പ് ജനുവരി അവസാനത്തിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത മൂന്ന് കൊവിഡ് കേസുകൾ മാത്രമായിരുന്നു രാജ്യത്തുണ്ടായിരുന്നത്. എന്നാൽ പിന്നീടങ്ങോട്ട് കൊവിഡ് വ്യാപനത്തെ തടഞ്ഞ് നിർത്താൻ ഹോങ്കോങ്ങിന് കഴിഞ്ഞു. ഇവിടെ 1,038 കൊവിഡ് കേസുകളും നാല് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഹോങ്കോങ് കൊവിഡ് പ്രതിരോധം എങ്ങനെ
ഇന്ത്യ നടപ്പിലാക്കിയത് പോലെയുള്ള സമ്പൂർണ്ണ അടച്ചുപൂട്ടലായിരുന്നില്ല ഹോങ്കോങ് കൊവിഡ് വ്യാപനം തടയാൻ നടപ്പിലാക്കിയത്. കൊവിഡ് വൈറസ് രോഗികളെ കൃത്യമായി നിരീക്ഷിച്ച് ഇവരെ ക്വാറന്‍റൈൻ ചെയ്ത്, പൊതുജനങ്ങൾ സാമൂഹികാകലം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു സർക്കാർ. ഇത് കൃത്യമായി നടപ്പിലാക്കുക എന്നതായിരുന്നു ഇവരുടെ രീതി. ഇതിന് ജനങ്ങൾ നൽകിയ പിന്തുണയാണ് എടുത്ത് പറയേണ്ടത്. രാജ്യത്തെ 99 ശതമാനം ജനങ്ങളും മാസ്ക്ക് ധരിച്ചിരുന്നെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മാർച്ചിൽ തന്നെ 85 ശതമാനം ആളുകളും ആൾക്കൂട്ടം ഒഴിവാക്കുകയും ചെയ്തു. ഇതിന് സർക്കാർ പൊതുജനങ്ങളെ ബോധവാന്മാരാക്കിയെന്നതും എടുത്ത് പറയേണ്ട ഘടകമാണ്. ഈ രീതിയിൽ കൃത്യമായി സാമൂഹിക അകലം പാലിക്കുന്ന രീതിയാകുമോ ഇന്ത്യ ഇനി നടപ്പിലാക്കുകയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക