കോഴിക്കോട്: ഐ.എൻ.എൽ സ്ഥാപക നേതാവും മൂന്നര പതിറ്റാണ്ട് കാലം പാർലമെൻറിലെ നിറസാന്നിധ്യവുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് വിടപറഞ്ഞിട്ട് ഇന്നേക്ക് 15 വർഷം. 2005 ഏപ്രിൽ 27ന് പുലർച്ചെയാണ് ബംഗളൂരുവിൽ അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.
1940കളിൽ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ മുസ്ലിംലീഗിൽ എത്തിയ സേട്ട് 1949ൽ കൊച്ചിയിലെ മറിയംബായിയെ വിവാഹം ചെയ്തതോടെയാണ് രാഷ്ട്രീയ പ്രവർത്തനം കേരളത്തിലേക്ക് പറിച്ചുനടുന്നത്. 1960ൽ ആദ്യമായി മുസ്ലിംലീഗിന് കിട്ടിയ രാജ്യസഭ സീറ്റിലൂടെയാണ് സേട്ട് പാർലമെൻറിലെത്തുന്നത്. തുടർന്ന് മൂന്ന് പതിറ്റാണ്ട് കോഴിക്കോട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്ത് ലോക്സഭയിൽ എത്തി.