നാദാപുരം: (www.mediavisionnews.in) കലക്ടർ നൽകിയ ഒന്നര മണിക്കൂർ പാസിൽ, കോവിഡ് ഉയർത്തിയ വിലക്ക് മറികടന്ന് ആബിദ നൗഫലിന്‍റെ ജീവിതസഖിയായി. കണ്ണൂർ ജില്ലയിൽ ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ, ഏപ്രിൽ അഞ്ചിന് നിക്കാഹ് കഴിഞ്ഞ നാദാപുരം കോട്ടേമ്പ്രം വടക്കുംകരമ്മൽ നൗഫലിന്റെയും കണ്ണൂർ ജില്ലയിലെ തൂവക്കുന്ന് പാറേമ്മൽ ആബിദയുടെയും വിവാഹ സ്വപ്നങ്ങൾക്ക് തിരിച്ചടിയാവുകയായിരുന്നു.
റമദാൻ വ്രതാരംഭത്തിനുമുമ്പ് വരന്റെ രണ്ട് ബന്ധുക്കൾ പോയി വധുവിനെ കൂട്ടിക്കൊണ്ടുവരാനായിരുന്നു തീരുമാനം. എന്നാൽ, ജില്ല അതിർത്തി അടച്ച് യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെ കുടുംബത്തിന് കണ്ണൂർ ജില്ലയിലേക്ക് അനുമതി ഉണ്ടായിരുന്നില്ല.
ഗ്രാമപഞ്ചായത്ത് അംഗമായ നിജേഷ് കണ്ടിയിൽ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും കൈമലർത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെ വിഷയത്തിന്റെ ഗൗരവവുമായി കുടുംബം ഡി.സി.സി സെക്രട്ടറി മോഹൻ പാറക്കടവിന്റെ മുന്നിലെത്തി. എടച്ചേരിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനം വിലയിരുത്താനെത്തിയ കെ. മുരളീധരൻ എം.പിയുടെയും എം.എൽ.എ ഇ.കെ. വിജയന്റെയും ശ്രദ്ധയിൽ മോഹനൻ വിഷയം കൊണ്ടുവന്നു.
എം.പിയുടെയും എം.എൽ.എയുടെയും നിർദേശപ്രകാരം മോഹനന്‍റെ വിളിയിൽ കലക്ടർ വിവരങ്ങൾ മെയിൽ ചെയ്യാൻ ആവശ്യപ്പെടുകയും രാത്രി എട്ടുമുതൽ 9.30വരെ അതിർത്തി കടക്കാൻ പാസ് അനുവദിക്കുകയുമായിരുന്നു. ഇതോടെ നൗഫലിന്‍റെ മാതാവും സഹോദരനും ചേർന്ന് പുതുമണവാട്ടിയെ അതിർത്തി കടന്ന് വീട്ടിലെത്തിച്ചതോടെയാണ് കോവിഡ് കാലത്തെ കല്യാണത്തിന് ശുഭപര്യവസാനമായത്.