മംഗളൂരു: കോവിഡ്-19 ബാധിച്ച് മരിച്ച ബന്ദ്വാളിലെ കസ്ബ സ്വദേശിനിയായ 75കാരിയുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞു. ബി.ജെ.പി എം.എൽ.എക്കൊപ്പമെത്തിയ ഒരു സംഘമാളുകളാണ് മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞ് അനാദരവ് കാണിച്ചതെന്നാണ് ആരോപണം.
ലോക് ഡൗൺ ലംഘിച്ചാണ് എല്ലാ ശ്മശാനങ്ങളുടെ മുന്നിലും ആളുകൾ കൂടിയത്. മൃതദേഹവുമായി മംഗളൂരുവിലെ മൂന്നു പൊതു ശ്മശാനങ്ങളിൽ (ഹിന്ദുരുദ്ര ഭൂമി) എത്തിയെങ്കിലും ശക്തമായ എതിർപ്പുയർന്നതോടെ വെള്ളിയാഴ്ച പുലർച്ചയോടെ 30 കിലോമീറ്റർ അകലെ ബന്ദ് വാളിലെ കൈകുഞ്ചെയിലെ ഹിന്ദു രുദ്രഭൂമിയിൽ സംസ്കരിക്കുകയായിരുന്നു.
വ്യാഴാഴ്ച മരിച്ച 75കാരിയുടെ മൃതദേഹം പച്ചനാടിയിൽ സംസ്കരിക്കാനായിരുന്നു തീരുമാനം. എന്നാൽ, ഡോക്ടർകൂടിയായ മംഗളൂരു നോർത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ വൻ സംഘം എതിർപ്പുമായി പച്ചനാടി ശ്മശാനത്തിന് മുന്നിൽ തടിച്ചുകൂടി.
തന്നോട് ചോദിക്കാതെ മൃതദേഹം സംസ്കരിക്കാൻ തീരുമാനിച്ചതാണ് എം.എൽ.എയെ ചൊടിപ്പിച്ചത്. തുടർന്ന് മൂഡ്ഷെഡ്ഡെ ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചെങ്കിലും മൂഡബിദ്രി എം.എൽ.എ എതിർത്തു.
നന്ദിഗുഡ്ഡെ ശ്മശാനത്തിലേക്ക് കൊണ്ടുവരുന്നത് തടയാനും ആളുകൾ തടിച്ചുകൂടി. മൂന്നു സ്ഥലത്തും മൃതദേഹം സംസ്കരിക്കാനായില്ല. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ബന്ദ് വാൾ എം.എൽ.എ രാജേഷ് നായികിെൻറ ഇടപെടലോടെ കനത്ത പൊലീസ് സുരക്ഷയിൽ ബന്ദ് വാളിലെ കൈകുഞ്ചെയിൽ എത്തിച്ച് മൃതദേഹം സംസ്കരിച്ചത്.
ഇവിടെയും ആളുകൾ തടയാനായി സംഘം ചേർന്നിരുന്നുവെങ്കിലും പൊലീസ് സുരക്ഷയൊരുക്കി. എതിർപ്പുയർത്തിയതിൽ ആക്ഷേപമുയർന്നതോടെ വിശദീകരണവുമായി എം.എൽ.എ ഭരത് ഷെട്ടി രംഗത്തെത്തി. പഞ്ചാടിയിൽ മൃതദേഹം സംസ്കരിക്കുന്നതിൽ താൻ എതിർപ്പുയർത്തിയെന്ന വാർത്ത വാസ്തവവിരുദ്ധമാണെന്നും തെറ്റിദ്ധാരണ മൂലം നിരവധി പേർ തടിച്ചുകൂടുകയായിരുന്നുവെന്നും എം.എൽ.എ വിശദീകരിച്ചു.