താനെ : സാധനം ഡെലിവറി ചെയ്യാന്‍ എത്തിയ ആള്‍ മുസ്‌ലീം മതവിശ്വാസിയാണെന്ന കാരണത്തില്‍ സാധനം വാങ്ങാന്‍ വിസമ്മതിച്ചയാളെ മഹാരാഷ്ട്രയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. കാശ്മീര പ്രദേശവാസിയായ ആളെ ഡെലിവറി ബോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ഗജ്‌നന്‍ ചതുര്‍വേദി എന്നയാള്‍ ഓണ്‍ലൈനില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ എത്തിച്ച് നല്‍കാന്‍ ഡെലിവറി ബോയ് വീട്ടിലെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
വീട്ടിലെത്തിയ ഡെലിവറി ബോയ്‍യോട് പേര് ചോദിച്ചറിഞ്ഞ ഗജനന്‍ ഇയാള്‍ മുസ്‌ലീം മതവിശ്വാസിയാണന്ന് അറിഞ്ഞതോടെ സാധനങ്ങള്‍ വാങ്ങുവാന്‍ വിസമ്മതിക്കുകയായിരുന്നു. മതവൃകാരം വ്രണപ്പെടുത്തിയെന്നും വര്‍ഗീയ പരാമര്‍ശം ഉന്നയിച്ചെന്നുമാരോപിച്ച് ഗജനൻ ചതുർവേദിക്കെതിരെ ഐ.പി.സി സെക്ഷൻ 295 (എ) പ്രകാരം കേസെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.
‘ഈ ദുര്‍ഘടമായ അവസരത്തില്‍ ഞാൻ എന്റെ ജീവൻ പണയപ്പെടുത്തിയാണ് അവശ്യവസ്തുക്കൾ വീടുകളിലേക്ക് എത്തിക്കുന്നത്’, ഡെലിവറി ബോയ് പറഞ്ഞു. ‘ഈ സമയങ്ങളിൽ പോലും ആളുകൾ മതത്തിലാണ് ശ്രദ്ധിക്കുന്നതെന്ന് മനസിലാക്കുമ്പോള്‍ ഞെട്ടലും സങ്കടവുമുണ്ടാകുന്നു.
തൻ്റെ പേരും വിവരങ്ങളും ചോദിച്ചറിഞ്ഞ ശേഷം ചതുർവേദി പാഴ്‌സൽ വാങ്ങാൻ തയ്യാറായില്ല. മുസ്ലീം വിഭാഗത്തിൽ നിന്നുള്ളവരിൽ നിന്ന് സാധനങ്ങൾ വാങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി’.ആ വ്യക്തിയുടെ പെരുമാറ്റം വളരെയധികം വേദനിപ്പിക്കുന്നതായിരുന്നുവെന്നും ഡെലിവറി ബോയ് ആയ ബർകത്ത് പട്ടേൽ പറഞ്ഞു