സോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രചരണത്തിനെതിരെ പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യന്‍ എംബസി

0
219

മസ്‍കത്ത് (www.mediavisionnews.in) :സോഷ്യല്‍ മീഡിയ വഴി നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കുമെതിരെ ഒമാനിലെ ഇന്ത്യന്‍ എംബസി. കൊവിഡ് 19 ജാതിയോ മതമോ വര്‍ണമോ ഭാഷയോ നോക്കിയല്ല ബാധിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ ട്വീറ്റ് പങ്കുവെച്ചാണ് എംബസിയുടെ ഓര്‍മപ്പെടുത്തല്‍. 

ഇന്ത്യയും ഒമാനും തമ്മിലുള്ള സൗഹൃദം ഇരുരാജ്യങ്ങളും പങ്കുവെയ്ക്കുന്ന സഹിഷ്ണുതയുടെയും ബഹുസ്വരതയിലും അടിയുറച്ചതാണെന്ന് എംബസിയുടെ ട്വീറ്റില്‍ പറയുന്നു. ഈ നിര്‍ണായക ഘട്ടത്തില്‍ ഐക്യവും സാമൂഹിക ഒത്തൊരുമയും നിലനിര്‍ത്താന്‍ പ്രതിജ്ഞയെടുക്കണം. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഐക്യത്തോടെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പ്രധാനം. ദുരുദ്ദേശങ്ങളോടെ  സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന വ്യാജ വാര്‍ത്തകളിലേക്ക് വഴുതിപ്പോകരുതെന്നും എംബസി ഓര്‍മ്മിപ്പിച്ചു. ഇംഗ്ലീഷിന് പുറമെ അറബിയിലും എംബസി ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി ചില പ്രവാസികള്‍ നടത്തിയ വിദ്വേഷ പ്രചാരണങ്ങള്‍ക്കിതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പതിവില്‍ നിന്ന് വിപരീതമായി ഗള്‍ഫ് രാജ്യങ്ങളിലെ പൌരന്മാരും സമൂഹത്തിലെ ഉന്നതരുമൊക്കെ ഇത്തരം പ്രവണതകള്‍ക്കെതിരെ രംഗത്തെത്തുകയും ചെയ്തു. യുഎഇയില്‍ ഏതാനും പ്രവാസികള്‍ക്ക് ജോലി നഷ്ടമാവുകയും ചിലര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ട സാഹചര്യമുണ്ടാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇത്തരം നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കാണിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാര്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. 

LEAVE A REPLY

Please enter your comment!
Please enter your name here