ചെന്നൈ (www.mediavisionnews.in): കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 1.30 കോടി രൂപ വാഗ്ദാനം ചെയ്ത് നടൻ വിജയ്. പ്രധാനമന്ത്രി ആരംഭിച്ച പിഎം കെയേഴ്സ് ഫണ്ടിലേക്കും കേരള, ആന്ധ്രാ പ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി, തമിഴ്നാട് മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ ഫണ്ടിലേക്കുമാണ് പണം കൈമാറുക. അതോടൊപ്പം ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ ( എഫ്ഇഎഫ്എസ്ഐ) യിലേക്കും പണം നൽകുമെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
ഫാൻസ് ക്ലബ്ബുകൾക്കും പണം കൈമാറും. ക്ലബ്ബുകൾ വഴി അതത് പ്രദേശത്തെ സാധാരണക്കാരായ ആളുകളിലേക്ക് സഹായം എത്തിക്കുകയാണ് ലക്ഷ്യം.
പ്രൈംമിനിസ്റ്റേഴ്സ് കെയേഴ്സ് ഫണ്ടിലേക്ക് 25 ലക്ഷം രൂപയും, തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയും, ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യക്കായി 25 ലക്ഷം രൂപയും, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയും, കർണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപയും ആന്ധ്രാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപയും തെലുങ്കാനാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപയും പോണ്ടിച്ചേരി സിഎം റിലീഫ് ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപയുമാണ് സംഭാവന ചെയ്യുക.
കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നേരത്തെ രജനികാന്ത്, അജിത്ത്, കമൽ ഹാസൻ, കാർത്തി, സൂര്യ അടക്കമുള്ള താരങ്ങൾ പണം കൈമാറിയിരുന്നു.