കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ ഐപിഎല്‍ പതിമൂന്നാം സീസണ്‍ മാറ്റിവെച്ചിരിക്കുകയാണ്. 12 സീസണുകൾ പിന്നിടുമ്പോൾ ആരാണ് ഐ.പി.എല്ലിലെ മികച്ച നായകനെയും താരത്തെയും തെരഞ്ഞെടുത്തിരിക്കുകയാണ് സ്റ്റാർ സ്പോർട്സ്.
മുൻ ക്രിക്കറ്റ് താരങ്ങളും സ്പോർട്സ് മാധ്യമപ്രവർത്തകരും അനലിസ്റ്റുകളും അടങ്ങുന്ന 50 അംഗ ജൂറിയാണ് ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച നായകനെയും താരത്തേയും തിരഞ്ഞെടുത്തത്. ചെന്നൈ സൂപ്പർ കിങ്സ് നായകന്‍ എം.എസ് ധോണിയും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയുമാണ് ഐ.പി.എല്ലിലെ ഏറ്റവും മികച്ച നായകന്മാര്‍. 11 സീസണുകളില്‍ പത്തിലും ചെന്നൈയെ പ്ലേ ഓഫിലേക്ക് നയിച്ച ധോണി മൂന്നു തവണ കിരീടം നേടിക്കൊടുക്കുകയും ചെയ്തു. 2013ൽ മുംബൈ ഇന്ത്യൻസ് നായകനായ രോഹിത് നാല് തവണയാണ് ടീമിനെ കിരീടത്തിലേക്ക് നയിച്ചത്.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ എബി ഡിവില്ലിയേഴ്സാണ് ഐ.പി.എല്ലിലെ ഏറ്റവും മികച്ച താരം. മുംബൈ ഇന്ത്യൻസിന്റെ ലസിത് മലിംഗയാണ് ഏറ്റവും മികച്ച ബൗളർ. ചെന്നൈയുടെ താരമായ ഷെയ്ൻ വാട്സൺ മികച്ച ഓൾറൗണ്ടറായും ഇതേ ടീമിന്റെ പരിശീലകനായ സ്റ്റീഫൻ ഫ്ളെമിങ്ങാണ് മികച്ച കോച്ചായും തെരഞ്ഞെടുക്കപ്പെട്ടു. ഐ.പി.എല്ലിലെ ഏറ്റവും മികച്ച ഇന്ത്യൻ താരം വിരാട് കോഹ്ലിയാണ്.