ന്യൂഡൽഹി: ഡൽഹി ജഹാംഗീർപുരിയിലുള്ള ഒരു കുടുംബത്തിലെ 26 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ ഹോട്ട് സ്പോട്ടായി ഡൽഹി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ജഹാംഗീർപുരിയിൽ പല വീടുകളിലായി താമസിക്കുന്ന ഒരു കുടുംബത്തിൽപ്പെട്ടവർക്കാണ് വൈറസ് ബാധ.
26 പേർക്കും വൈറസ് ബാധ കണ്ടെത്തിയയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്ഥിരീകരിച്ചു. എവിടെനിന്നാണ് ഇവർക്ക് വൈറസ് ബാധയേറ്റതെന്ന് വ്യക്തമായിട്ടില്ല. ആരോഗ്യ വകുപ്പ് ജീവനക്കാർ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ വീടുകൾക്ക്സമീപം താമസിക്കുന്നവരെയും പരിശോധനയ്ക്ക് വിധേയരാക്കും.
ജനങ്ങൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്ന് ജഹാംഗീർപുരിയിലെ സംഭവം ചൂട്ടിക്കാട്ടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജനങ്ങളോട് അഭ്യർഥിച്ചു. അധികൃതർ സീൽചെയ്ത പ്രദേശങ്ങളിൽപ്പോലും ജനങ്ങൾ പുറത്തിറങ്ങി നടക്കുന്നു. പലരും ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജനങ്ങൾ ലോക്ക് ഡൗൺ കർശനമായി പാലിക്കണം. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമെ വീട്ടിൽനിന്ന് പുറത്തിറങ്ങാവൂ എന്നും അദ്ദേഹം അഭ്യർഥിച്ചു.