ചട്ടങ്ങൾ കാറ്റിൽ പറത്തി എച്ച്.ഡി കുമാരസ്വാമിയുടെ മകന്റെ കല്ല്യാണം; വി.ഐ.പി വിവാഹം വിവാദമാകുന്നു

0
160

ബെംഗളൂരു (www.mediavisionnews.in) : ലോക്ക് ഡൗണ്‍ കാലയളവില്‍ വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ മാറ്റിവെച്ച് സര്‍ക്കാര്‍ നിര്‍ദേശവുമായി ജനങ്ങള്‍ സഹകരിക്കുമ്പോള്‍ കര്‍ണാടകയില്‍ മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകന്റെ വിവാഹം നടത്തിയത് ആഢംബരമായി.

ഇന്നായിരുന്നു മുന്‍ പ്രധാനമന്ത്രി കൂടിയായ എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകന്‍ നിഖില്‍ കുമാരസ്വാമിയുടെ വിവാഹം. കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ എം. കൃഷ്ണപ്പയുടെ കൊച്ചുമകളായ രേവതിയെയാണ് നിഖില്‍ കുമാരസ്വാമി വിവാഹം ചെയ്തത്.

ബെംഗളൂരുവിന് പുറത്തുള്ള രാമനഗര ജില്ലയിലെ ഒരു ഫാം ഹൗസില്‍ വെച്ചായിരുന്നു വിവാഹം. മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. 40 ഓളം കാറുകളില്‍ ആയാണ് വിവാഹ ചടങ്ങിലേക്ക് ആളുകള്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

കടത്തിവിടേണ്ട വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ പൊലീസിന് നേരത്തെ കൈമാറിയിരുന്നെന്നാണ് പൊലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിച്ച സൂചന.

അതേസമയം നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് വിവാഹമെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ പ്രതികരിച്ചു.

എന്നാല്‍ വിവാഹം ഏറെ ഗംഭീരമായി നടത്തണമെന്നായിരുന്നു കരുതിയിരുന്നതെന്നും ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ ചുരുക്കിയാണ് നടത്തിയതെന്നുമാണ് കുമാരസ്വാമിയുടെ പ്രതികരണം. വിവാഹ ചടങ്ങുകളുടെ ഫോട്ടോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വിവാഹ മണ്ഡപത്തിലേക്ക് വരന് എത്തുമ്പോള്‍ ചുറ്റും നിരവധി ആളുകള്‍ ഉണ്ട്. ചടങ്ങില്‍ പങ്കെടുത്ത ആരും മാസ്‌ക് ധരിച്ചിട്ടുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here