പെഷാവർ (www.mediavisionnews.in) :കോവിഡ് 19 ബാധിച്ച് ക്രിക്കറ്റ് ലോകത്ത് നിന്നും ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാനില്‍ കോവിഡ് 19 ബാധിച്ച് പ്രൊഫഷണല്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ സഫര്‍ സര്‍ഫ്രാസാണ് അന്തരിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചിട്ടുള്ള സഫര്‍ സര്‍ഫ്രാസിന് അന്‍പതു വയസ്സായിരുന്നു.
പാക് താരമായിരുന്ന അക്തര്‍ സര്‍ഫ്രാസാണ് സഹോദരന്‍. അദ്ദേഹവും ഈയടുത്താണ് മറ്റൊരു അസുഖത്തെ തുടര്‍ന്ന് മരിച്ചത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സഫറിന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിനുശേഷം പെഷാവറിലെ ലേഡി റീഡിംഗ് ആശുപത്രിയില്‍ ഐസിയുവിലായിരുന്നു. സ്ഥിതി ഗുരുതരമായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. തിങ്കളാഴ്ച രാത്രിയാണ് അന്ത്യം.
1988 മുതല്‍ 1994 വരെയുള്ള കാലഘട്ടത്തില്‍ 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇതിനു പുറമെ 1990-നും 1992-നും ഇടയില്‍ ആറ് ലിസ്റ്റ് എ മത്സരങ്ങളും കളിച്ചു. ഇടംകയ്യന്‍ ബാറ്റ്‌സ്മാനായ ഇദ്ദേഹം സ്ലോ ലെഫ്റ്റ് ആം സ്പിന്നര്‍ കൂടിയായിരുന്നു. സജീവ ക്രിക്കറ്റില്‍നിന്ന് വിരമിച്ച ശേഷം പരിശീലകനായും ശ്രദ്ധ നേടി. പെഷാവര്‍ അണ്ടര്‍ 19 ടീമിനെയും സീനിയര്‍ ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.