ന്യൂദല്‍ഹി: (www.mediavisionnews.in) രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ ധാരണ. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. വൈറസ് വ്യാപനം പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ അറിയിച്ചു. ചില മേഖലകള്‍ക്ക് ഇളവ് നല്‍കിയേക്കും.
അരവിന്ദ് കെജ്‍രിവാള്‍ ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട്, തെലങ്കാന, കര്‍ണാടക, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും നേരത്തെ തന്നെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. കേരളം ആവശ്യപ്പെട്ടത് ഒറ്റയടിക്ക് ലോക്ക് ഡൌണ്‍ പിന്‍വലിക്കരുത്, ഘട്ടം ഘട്ടമായി മതിയെന്നായിരുന്നു.
21 ദിവസത്തെ ലോക്ക്ഡൗണ്‍ ഏപ്രില്‍ 14നാണ് അവസാനിക്കേണ്ടിയിരുന്നത്. ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കൂടിക്കാഴ്ച നടത്തിയത്. ലോക്ക് ഡൗൺ പിൻവലിക്കുകയാണെങ്കിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് റിപ്പോർട്ട് നൽകണമെന്ന് പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സംസ്ഥാനങ്ങൾ വിദഗ്ധരെ ഉൾപ്പെടുത്തി സമിതികൾ രൂപികരിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഒഡീഷയും പഞ്ചാബും ലോക്ക് ഡൗൺ നീട്ടുന്നതായി നേരത്തെ തന്നെ പ്രഖ്യാപിച്ചു.