ദുബായ്: (www.mediavisionnews.in) ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ കൊവിഡ് രോഗികളുടെ എണ്ണം പതിനൊന്നായിരം കവിഞ്ഞു. മരണസംഖ്യ 79 ആയി. ഗള്‍ഫ് രാജ്യങ്ങളില്‍ ഇരുപത്തിനാലുമണിക്കൂറിനിടെ 1369 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യൻ സമൂഹത്തിനിടയിൽ വൈറസ് പടരുന്നത് പ്രവാസി മലയാളികളെ ആശങ്കയിലാക്കുന്നുണ്ട്. രോഗബാധിതരെ മാറ്റിപ്പാർപ്പിക്കാൻ എങ്കിലും സർക്കാർ സംവിധാനം ഒരുക്കണമെന്നാണ് ഗർഫ് മലയാളികളുടെ ആവശ്യം.
കുവൈത്തില്‍ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് പടരുകയാണ്. അമ്പത്തൊന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 83 പേർക്ക് കൂടി കുവൈത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ, ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 530 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരിൽ മുഴുവൻ പേർക്കും മുമ്പ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പർക്കം വഴിയാണ് രോഗബാധയേറ്റത്. കുവൈത്തിൽ ഇതുവരെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം ഇതോടെ 993 ആയി. നിലവിൽ 869 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 26 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇതിൽ 10 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകൾ പ്രതിദിനം മുന്നൂറിലേറെ എന്ന നിലയിലായി. 364 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ, ആകെ വൈറസ് ബാധിതരുടെ എണ്ണം 3651 ആയി ഉയർന്നു. ഇതിൽ 57 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് പേർ കൂടി മരിച്ചതോടെ രാജ്യത്തെ മരണ സംഖ്യ 47ലെത്തി. ഒമാനിൽ 27 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 484 ലെത്തി. വൈറസ് സമൂഹവ്യാപനത്തിലേക്ക് കടന്ന ഒമാനില്‍ ലോക്ക് ഡൗണ്‍ നിലവില്‍ വന്നു.
ഖത്തറില്‍ 21 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 2279 ആയി. കൊവിഡ് ബാധിച്ച് യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് പേർ മരിച്ചതായും 331 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 2,990 ആയി. 14 പേര്‍ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യത്ത് 40,000 ത്തിലേറെ കൊറോണ വൈറസ് പരിശോധന നടന്നു. പുതുതായി രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെയെല്ലാം നില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുെണ്ട്.