രോഗഭീതിയിൽ വിറങ്ങലിച്ച് പ്രവാസ ലോകം. നാട്ടിലെത്തിക്കാൻ അടിയന്തിര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മുസ്ലിം ലീഗ് കത്ത് നൽകി

0
164

കോഴിക്കോട് (www.mediavisionnews.in): കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദുരിതത്തിലായ ഗള്‍ഫ് പ്രവാസികളെയും വിഷമം അനുഭവിക്കുന്ന മറ്റു രാജ്യങ്ങളിലുള്ളവരെയും സഹായിക്കാന്‍ ഇടപെടാനും താത്പര്യമുള്ളവരെ നാട്ടിലെത്തിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. സാധാരണ ജോലി ചെയ്യുന്ന തൊഴിലാളികള്‍ അഞ്ചും പത്തും ഇരുപതും പേരാണ് ഒരു മുറിയില്‍ താമസിക്കുന്നത്. ഇവരുടെ സുരക്ഷയില്‍ വലിയ ആശങ്കയുണ്ട്. രോഗം പടരാതിരിക്കാന്‍ അസുഖം മാറിയവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ പോലും മിക്കയിടത്തും മതിയായ സൗകര്യമില്ല.

കോവിഡ് ദുരന്തത്തെ നേരിടാന്‍ ആ രാജ്യത്തെ ഭരണാധികാരികള്‍ ആത്മാര്‍ത്ഥമായും ജാഗ്രതയോടെയും പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ, ആരോഗ്യരംഗത്ത് അവരുടെ പരിമിതിയും വര്‍ധിച്ച ആവശ്യവും മൂലം ചികിത്സയില്‍ ആശങ്ക ഉയരുകയാണ്. യു.എ.ഇ, ഒമാന്‍, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം നൂറുക്കണക്കിന് സാധാരണ തൊഴിലാളികള്‍ കടുത്ത പ്രയാസത്തിലാണ്. പ്രതിദിനം നിരവധി പേരാണ് വിഷമങ്ങള്‍ അറിയിച്ചും നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹവുമായും വിളിക്കുന്നത്.

കോവിഡ് ബാധിതരുടെ തോത് വര്‍ധിച്ചതോടെ ഒന്നിച്ചു കഴിയുന്ന ലേബര്‍ ക്യാമ്പുകളാണ് വലിയ ആശങ്കയിലായത്. കോറന്റൈനില്‍ കഴിയുന്നവരുടെ അടുത്തേക്ക് പിന്നീട് രോഗം മാറി വരുന്നവര്‍ക്ക് പോകാനാവാത്ത അവസ്ഥയുമുണ്ട്. ഒരാള്‍ക്ക് രോഗം വന്നാല്‍ ഒന്നിച്ചു പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ കൂട്ടമരണത്തിലേക്കുള്ള സൂചനയാണ് നല്‍കുന്നത്. കാര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഇന്ത്യന്‍ ഭരണകൂടവും കേരള സര്‍ക്കാറും അടിയന്തരമായി ഇടപെടണം. നാട്ടിലേക്ക് മടങ്ങിയെത്തുന്നതോടെ ഇവരെ പ്രത്യേക കേന്ദ്രത്തില്‍ കോറന്റൈന്‍ ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും സംവിധാനം ഒരുക്കാവുന്നതാണ് -അദ്ദേഹം പറഞ്ഞു.

ഗള്‍ഫില്‍ ദുരിതത്തില്‍ കഴിയുന്നതും മടങ്ങാന്‍ താല്‍പര്യപ്പെടുന്നതുമായ മുഴുവന്‍ പ്രവാസികളെയും അടിയന്തരമായി തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും സഹമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും ഇ- മെയില്‍ അയച്ചതായും കെ.പി.എ മജീദ് അറിയിച്ചു. യു.കെയിലെയും യു.എസ്.എയിലെയും ദുരിതം അനുഭവിക്കുന്ന വരണമെന്ന് ആഗ്രഹിക്കുന്ന പ്രവാസികളെയും നാട്ടിലെത്തിക്കണം. ഗള്‍ഫ് നാടുകളിലെ കെ.എം.സി.സി നേതാക്കളും പ്രവര്‍ത്തകരും അവര്‍ക്ക് ചെയ്യാനാവുന്നതിന്റെ പരമാവധി സഹായങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.

ഈ പ്രതിസന്ധി ഘട്ടത്തിലും ജീവന്‍ പണയം വെച്ച് അവര്‍ നടത്തുന്ന സേവനം വിലമതിക്കാനാവാത്തതാണ്. കേരള സര്‍ക്കാര്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് വിലക്ക് കല്‍പിച്ചപ്പോള്‍ ദുബൈയിലെ പോലീസുകാരുടെ അകമ്പടിയോടെ കെ.എം.സി.സി പ്രവര്‍ത്തകര്‍ ഭക്ഷണം വിതരണം ചെയ്യുന്ന വീഡിയോ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നിയതായും കെ.പി.എ മജീദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here