ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തീവ്രബാധിത ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും; കേരളത്തില്‍ കാസര്‍കോടടക്കം ഏഴ് ജില്ലകളില്‍ ഒരുമാസം കൂടി നിയന്ത്രണം

0
156

ന്യൂദല്‍ഹി: (www.mediavisionnews.in) രാജ്യത്ത് കൊവിഡ് 19 രൂക്ഷമായി ബാധിച്ച ജില്ലകളില്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും നിയന്ത്രണങ്ങള്‍ നീട്ടുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് 20 പേജുള്ള ഒരു ഡോക്യുമെന്റ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു.

രാജ്യത്ത് 274 ജില്ലകളിലാണ് ഒരുമാസത്തേക്ക് കൂടി നിയന്ത്രണങ്ങള്‍ നീട്ടുന്നത്. കേരളത്തില്‍ ഏഴ് ജില്ലകളില്‍ ഇത്തരത്തില്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും നിയന്ത്രണങ്ങള്‍ തുടരും.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് നിയന്ത്രണം ഒരുമാസത്തേക്ക് കൂട്ടി നീട്ടുക. ഇവിടങ്ങളില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരം പൂര്‍ണ്ണമായും നിരോധിക്കും. പൊതുഗതാഗതവും നിരോധിക്കും.

അവശ്യസേവനങ്ങള്‍ തുടരാം. അവസാനം രോഗം സ്ഥിരീകരിച്ചതിന് ശേഷം നാലാഴ്ച കഴിഞ്ഞും പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്‌തെങ്കില്‍ മാത്രമെ ആ പ്രദേശം കൊവിഡ് മോചനം നേടിയെന്ന് പറയാനാകൂ എന്നും ആരോഗ്യമന്ത്രാലയം പറയുന്നു.

രാജ്യത്ത് കൊവിഡ് 19 രോഗബാധിതരുടെ എണ്ണം 4000 കടന്നു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 4298 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

109 പേരാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 12 മണിക്കൂറിനിടെ 26 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

മഹാരാഷ്ട്രയില്‍ 647 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. തമിഴ്‌നാട്ടില്‍ 558, ദല്‍ഹിയില്‍ 480, തെലങ്കാനയില്‍ 290, കേരളത്തില്‍ 256 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here