ന്യൂഡല്‍ഹി: (www.mediavisionnews.in) കോവിഡ് 19 ന്റെ വ്യാപനത്തെത്തുടര്‍ന്ന് അനിശ്ചിതത്തിലായ ഐപിഎല്‍ 13ം സീസണ്‍ എങ്ങനെ മുടങ്ങാതെ നടത്തണമെന്ന് തലപുകയ്ക്കുകയാണ് ബിസിസിഐ. കഴിഞ്ഞ മാസം 29 ന് ആരംഭിക്കേണ്ടിയിരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഈ മാസം 15ലേക്കാണ് നിലവില്‍ മാറ്റിയിരിക്കുന്നത്.
എന്നാല്‍ പുതിയ തീയ്യതിയിലും ഐപിഎല്‍ നടക്കുമോയെന്ന കാര്യം കണ്ട് തന്നെ അറിയണം. രാജ്യം ഏപ്രില്‍ 14 വരെ ലോക്ഡൗണാണെന്നിരിക്കെ അടുത്ത ദിവസം തന്നെ ഐപിഎല്‍ തുടങ്ങുക എന്നത് അസാധ്യമാണ്. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഇത്തവണ ഐപിഎല്‍ ഉപേക്ഷിക്കുമെന്ന് വരെ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
അതിനിടയില്‍ ഇപ്പോളിതാ ഇത്തവണത്തെ ഐപിഎല്‍ നടത്താന്‍ ഉചിതമായ സമയം നിര്‍ദ്ദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്‍പുള്ള അഞ്ചാഴ്ചകളിലായി ഐപിഎല്‍ നടത്താനുള്ള നിര്‍ദ്ദേശമാണ് വോണ്‍ മുന്നോട്ട് വെക്കുന്നത്.
ടി20 ലോകകപ്പിന് തയ്യാറെടുക്കാന്‍ ഇതോടെ ഐപിഎല്‍ താരങ്ങള്‍ക്ക് വലിയൊരു വേദിയാകുമെന്നാണ് വോണ്‍ പറയുന്നത്. ഐപിഎല്ലും, ടി20 ലോകകപ്പും നടക്കേണ്ടത് ക്രിക്കറ്റിന് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു വോണിന്റെ ഈ അഭിപ്രായ പ്രകടനം.