സൗദിയിലെ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ ശമ്പളത്തിന്റെ 60% സര്‍ക്കാര്‍ വഹിക്കും; സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പുറത്തിറങ്ങി

0
215

റിയാദ് (www.mediavisionnews.in) സൗദി അറേബ്യയില്‍ കോവിഡ് പ്രതിസന്ധി ലഘൂകരണത്തിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ ശമ്പളത്തിന്റെ അറുപത് ശതമാനം സര്‍ക്കാര്‍ വഹിക്കും. ഇതിനായി ഒമ്പത് ബില്യണ്‍ റിയാലിന്റെ സഹായം നീക്കി വെച്ചതായുള്ള സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പുറത്തിറങ്ങി. സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സഹായം നല്‍കുക. ഇതിനായി നിബന്ധനകള്‍ പാലിച്ച കമ്പനികള്‍ക്കെല്ലാം സഹായം ലഭിക്കും. 12 ലക്ഷം സൗദി ജീവനക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം നല്‍കും. മൂന്ന് മാസമാണ് ശമ്പളത്തിന്റെ അറുപത് ശതമാനം സര്‍ക്കാര്‍ വഹിക്കുക.

ഉത്തരവ് പ്രകാരം, സ്വകാര്യ മേഖലയിലെ സൗദി സ്വദേശികളുമായുള്ള കരാര്‍ തൊഴില്‍ സ്ഥാപനം റദ്ദാക്കാതിരിക്കാനാണ് ഭരണകൂടത്തിന്റെ സഹായം. സ്വദേശിവത്കരണ തോത് പാലിച്ച എല്ലാ സ്വകാര്യ കമ്പനികള്‍ക്കും ആനുകൂല്യം ലഭിക്കും. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷൂറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത ശമ്പളതുകയുടെ അറുപത് ശതമാനമാണ് ഇപ്രകാരം ലഭിക്കുക.

അഞ്ചോ അതില്‍ കുറവോ ജീവനക്കാരുള്ള സ്ഥാപനമാണെങ്കില്‍ എല്ലാവര്‍ക്കും 60 ശതമാനം ശമ്പളം അപേക്ഷ നല്‍കിയാല്‍ ലഭിക്കും. അഞ്ചില്‍ കൂടുതല്‍ ജീവനക്കാരുണ്ടെങ്കില്‍ അവരിലെ 70 ശതമാനം ജീവനക്കാര്‍ക്കാണ് ആനുകൂല്യമാണ് കമ്പനിക്ക് ലഭിക്കുക. രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്വദേശികളുടേയും വിദേശികളുടെയും തൊഴില്‍ സുരക്ഷ ലക്ഷ്യം വെച്ചാണ് രാജകല്‍പനയെന്നും നന്ദിയുണ്ടെന്നും ഗോസി ചെയര്‍മാനും ധനകാര്യ മന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ ജദ്ആന്‍ പറഞ്ഞു.

ഇന്ന് മുതല്‍ ഇതിനുള്ള അപേക്ഷകള്‍ കമ്പനികള്‍ക്ക് നല്‍കാം. അടുത്ത മാസം മുതല്‍ ലഭിക്കുന്ന ശമ്പളത്തില്‍ ആനുകൂല്യം ലഭ്യമാകും. സാനിദ് പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ആനുകൂല്യം ലഭിക്കുന്ന ജീവനക്കാരെ അതിന്റെ പേരില്‍ കോവിഡ് സാഹചര്യത്തില്‍ നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിക്കരുതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here