പിടിവാശി തുടര്‍ന്ന് കര്‍ണാടക;കാസര്‍കോട് അതിർത്തി തുറക്കൽ: ചർച്ച പരാജയം, കേന്ദ്രം ഇടപെടണമെന്ന് കേരളം

0
209

ന്യൂഡൽഹി (www.mediavisionnews.in): കേരള– കർണാടക അതിർത്തി തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ ശ്രമവും ഫലം കണ്ടില്ല. രണ്ട് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. വിഷയത്തിൽ സമവായം വേണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. കേന്ദ്രം നേരിട്ടു പ്രശ്നത്തിൽ ഇടപെടണമെന്നു ചർച്ചയിൽ കേരളം നിലപാടെടുത്തു.

ആംബുലൻസ് തടയരുതെന്ന കേന്ദ്ര നിർദേശം കർണാടക നിരാകരിച്ചു. വിഷയത്തിൽ ഇന്നു തന്നെ നിലപാട് അറിയിക്കണമെന്ന് കേരള ഹൈക്കോടതി അറിയിച്ചതിനെ തുടർന്നാണ് ചീഫ് സെക്രട്ടറി തല ചർച്ചകൾ നടത്തിയത്. ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ തീരുമാനമായില്ലെങ്കിൽ ഹൈക്കോടതി നേരിട്ട് ഉത്തരവ് പുറപ്പെടുവിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കാസർകോട് കോവിഡ് 19 രോഗ വ്യാപനം ശക്തമായ പശ്ചാത്തലത്തിൽ ഇവിടെ നിന്നുള്ള കർണാടക അതിർത്തി റോഡുകൾ തുറക്കാനാവില്ല എന്ന കർശന നിലപാടാണ് കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. അതേസമയം കേരള അതിർത്തിയിൽ കയറി ബാരിക്കേഡ് സ്ഥാപിച്ചത് മനുഷ്യത്വ രഹിത നടപടിയാണെന്നും ദേശീയ പാത അടയ്ക്കുന്നതിന് ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്നും കാണിച്ച് കേരള സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കാസർകോട്ട് വിദഗ്ധ ചികിത്സ കിട്ടാതെ ആറു പേർ മരിച്ചെന്നും അവരുടെ പേരും വിശദ വിവരങ്ങളും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here