തിരുവനന്തപുരം (www.mediavisionnews.in): കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പാലിക്കുന്നതിലെ കാര്‍ക്കശ്യം തുടരേണ്ടതുണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ തിരിച്ച് വിടുകയാണ് ഇതുവരെ ചെയ്തത്. ഇനി ഇത്തരക്കാര്‍ക്ക് നേരെ എപ്പിഡമിക് ആക്ട് പ്രകാരമുള്ള കേസ് എടുക്കുന്നതിനാണ് ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയതിന് 22338 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു. 2155 പേരെ അറസ്റ്റ് ചെയ്തു. 12783 വാഹനങ്ങള്‍ പിടിച്ചെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 24 പേര്‍ക്കാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. മൂന്നുപേര്‍ എറണാകുളം സ്വദേശികളും തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരുടെ രോഗം ഭേദമായി.
സംസ്ഥാനത്ത് 265 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പത് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരുലക്ഷത്തി അറുപത്തിനാലായിരത്തി നൂറ്റിമുപ്പത് പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തി അറുപത്തിമൂവായിരത്തി അഞ്ഞൂറ്റി എട്ട്‌പേര്‍ വീടുകളിലും 622 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിച്ചു. 7965 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 7256 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.