ന്യൂഡല്‍ഹി: (www.mediavisionnews.in) നിസാമുദ്ദിനിലെ തബ്‍ലീഗില്‍ പങ്കെടുത്ത 8000 പേരെ കണ്ടെത്താന്‍ ശ്രമമെന്ന് കേന്ദ്രം. ഡല്‍ഹിയില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുത്തത് 4000 പേരാണ്. കേരളത്തില്‍ നിന്ന് 69 പേര്‍ ഉണ്ടായിരുന്നെന്നും സൂചനയുണ്ട്.
അതേസമയം നിസാമുദ്ദിനിലെ ചടങ്ങിൽ പങ്കെടുത്ത് തമിഴ്നാട്ടിലേക്കും തെലങ്കാനയിലേക്കും മടങ്ങിയ 65 പേർക്ക് കൂടി കൊവിഡ് ഇന്നലെ സ്ഥിരീകരിച്ചു. മലേഷ്യയിൽ കൊവിഡ് പടരാൻ ഇടയാക്കിയ സമാന സമ്മേളനത്തിൽ പങ്കെടുത്ത പലരും നിസാമുദ്ദീനിലും എത്തിയിരുന്നു എന്നാണ് വ്യക്തമാകുന്നത്. നിസാമുദ്ദിൻ സംഭവത്തിനു ശേഷവും സമൂഹവ്യാപനസ്ഥിതിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച് കൊവിഡ് പിടിച്ചു നിറുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് നിസാമുദ്ദീനിലെ കാഴ്ചകൾ ഉയർത്തുന്ന ആശങ്ക ചെറുതല്ല. ചടങ്ങിൽ പങ്കെടുത്ത രണ്ടായിരത്തിലധികം പേർ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയപ്പോൾ ചെറിയ മുറികളിൽ ആയിരത്തഞ്ഞൂറോളം പേരാണ് തിങ്ങിഞെരുങ്ങി കഴിഞ്ഞത്. 2191 വിദേശികൾ സമ്മേളനത്തിനെത്തി. ഇതിൽ 824 പേർ വിവിധ സംസ്ഥാനങ്ങളിലേക്ക് പോയി. തമിഴ്നാട്ടിലേക്ക് പോയത് 125 വിദേശികൾ.