കൊച്ചി (www.mediavisionnews.in): റെയിൽവേ 20,000 നോൺ എസി കോച്ചുകൾ കൂടി ഐസലേഷൻ കോച്ചുകളാക്കി മാറ്റും. ആദ്യഘട്ടത്തിൽ 5000 കോച്ചുകളാണു വിവിധ സോണുകൾ ചേർന്നു മാറ്റം വരുത്തി നൽകേണ്ടത്. ദക്ഷിണ റെയിൽവേ 473 കോച്ചുകളാണു കൈമാറുക. 15 വർഷത്തിൽ കൂടുതൽ പഴക്കമുളള സ്ലീപ്പർ കോച്ചുകളാണ് ഐസലേഷൻ കോച്ചുകളാക്കി മാറ്റുന്നത്.
മാതൃക കോച്ചുകൾ കഴിഞ്ഞ ദിവസം റെയിൽവേ പുറത്തിറക്കിയിരുന്നു. മിഡിൽ ബെർത്തുകൾ ഒഴിവാക്കിയും ശുചിമുറികളിലൊന്ന് ബാത്ത് റൂമാക്കി മാറ്റിയുമാണു പരിഷ്കരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് കർട്ടനുകൾ, അഡീഷനൽ പ്ലഗ് പോയിന്റുകൾ എന്നിവയും നൽകിയിട്ടുണ്ട്. ആശുപത്രികൾ കുറവുള്ള സ്ഥലങ്ങളിൽ രോഗികൾക്ക് ആവശ്യമായ സൗകര്യമൊരുക്കാൻ കോച്ചുകൾ ഉപയോഗിക്കും.