ന്യൂഡല്‍ഹി: (www.mediavisionnews.in) കൊറോണ നിരീക്ഷണത്തിലിരിക്കെ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ്. ഈ മാസം 18നാണ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഇയാളെ കൊറോണ പരിശോധനയ്ക്കായി കൊണ്ടുപോയത്.
പഞ്ചാബിലെ ബലാചൗര്‍ ജില്ലക്കാരനായ ഇയാള്‍ മാര്‍ച്ച് 18നാണ് ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയത്. വിമാനത്താവളത്തിലെ പ്രാഥമിക പരിശോധനയില്‍ തനിക്ക് തലവേദനയുണ്ടെന്ന് ഇയാള്‍ അറിയിച്ചിരുന്നു.
തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇയാളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഇതിന് ശേഷമാണ് ഇയാള്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഇയാളുടെ പരിശോധനാ ഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. അതില്‍ കൊറോണ നെഗറ്റീവായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
മാര്‍ച്ച് 18ന് രാവിലെ ഒമ്പതിന് ആശുപത്രിയിലെത്തിച്ച ഇയാളെ തുടര്‍ പരിശോധനയ്ക്കായി ഡോക്ടര്‍മാര്‍ എത്തുമ്പോഴേക്കും ആത്മഹത്യ നടന്നിരുന്നു. അതേസമയം മരിച്ചയാളിന്റെ ബന്ധുക്കള്‍ അധകൃതരെ കുറ്റപ്പെടുത്തി രംഗത്ത് വന്നു. എയര്‍പോര്‍ട്ട് ജീവനക്കാരും ആരോഗ്യ പ്രവര്‍ത്തകരും വളരെ മോശമായാണ് പെരുമാറിയത്.
ആശുപത്രിയില്‍ കൊണ്ടുപോയതറിഞ്ഞ് തങ്ങള്‍ അവിടെ എത്തിയെങ്കിലും കൃത്യമായ വിവരങ്ങള്‍ തങ്ങള്‍ക്ക് നല്‍കിയില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മണിക്കൂറുകളോളം തങ്ങളെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്കും അവിടെ നിന്ന് തിരിച്ചും അയക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.