കോവിഡ് ബാധിച്ച് റയൽ മുൻ പ്രസിഡന്റ് മരിച്ചു; ഡിബാലയ്ക്കും മാൾഡീനിക്കും രോഗബാധ

0
186

ടൂറിൻ: (www.mediavisionnews.in) കായികരംഗത്ത് കനത്ത അനിശ്ചിതത്വവും പരിഭ്രാന്തിയും വിതച്ച് കൊറോണ വൈറസ് കൂടുതൽ താരങ്ങളിലേക്ക് പടരുന്നു. സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡിന്റെ മുൻ പ്രസിഡന്റ് ലോറെൻസോ സാൻസ് വൈറസ് ബാധിച്ച് ശനിയാഴ്ച മരിച്ചു. കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് 76കാരനായ സാൻസിന്റെ അന്ത്യം. 1995–2000 കാലഘട്ടത്തിൽ റയൽ മഡ്രിഡ് പ്രസിഡന്റായിരുന്നു. ഈ കാലഘട്ടത്തിൽ റയൽ രണ്ടുതവണ ചാംപ്യൻസ് ലീഗിൽ മുത്തമിട്ടിരുന്നു. സാന്‍സിന്റെ മകൻ ലോറെൻസോ സാൻസ് ഡുറാനാണ് ട്വിറ്ററിലൂടെ പിതാവിന്റെ മരണ വാർത്ത പുറത്തുവിട്ടത്.

‘ഇങ്ങനെയൊരു മരണമായിരുന്നില്ല അദ്ദേഹം അർഹിച്ചിരുന്നത്. എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും ധൈര്യശാലിയായ, കഠിനാധ്വാനിയായ വ്യക്തിയായിരുന്നു അദ്ദേഹം. കുടുംബവും റയൽ മഡ്രിഡ് ക്ലബ്ബുമായിരുന്നു അദ്ദേഹത്തിന്റെ എല്ലാമെല്ലാം’ – ഡുറാൻ ട്വിറ്ററിൽ കുറിച്ചു.

ബ്രസീലിയൻ സൂപ്പർതാരം റോബർട്ടോ കാർലോസ് ക്ലാറൻസ് സീഡോർഫ്, ഡേവർ സൂകർ തുടങ്ങിയവരെല്ലാം റയലിലെത്തിയത് സാൻസിന്റെ കാലത്താണ്. 2000ൽ നടന്ന റയൽ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ഫ്ലോറെന്റീനോ പെരെസിനോടു തോറ്റാണ് സാൻസ് പുറത്തായത്. സാൻസിന്റെ മകൻ ഫെർണാണ്ടോ 1996–1999 കാലഘട്ടത്തിൽ റയൽ ജഴ്സിയിൽ കളിച്ചിരുന്നു. പിന്നീട് മലാഗയിലേക്കു മാറിയ അദ്ദേഹം ഏഴു വർഷം അവിടെ കളിച്ചു.

∙ ഡിബാലയ്ക്കും കാമുകിക്കും കോവിഡ്

ഇറ്റാലിയൻ വമ്പൻമാരായ യുവെന്റസിന്റെ സൂപ്പർതാരം പൗലോ ഡിബാല, കാമുകി ഓറിയാന സബാട്ടിനി, ഇറ്റലിയുടെയും എസി മിലാന്റെയും ഇതിഹാസ താരമായിരുന്ന പൗലോ മാൾഡീനി, മകനും ഫുട്ബോൾ താരവുമായ ഡാനിയേൽ മാൾഡിനി എന്നിവർക്കും പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചു. യുവെന്റസിൽനിന്ന് കോവിഡ് 19 സ്ഥിരീകരിക്കുന്ന മൂന്നാമത്തെ താരമാണ് ഡിബാല. യുവെന്റസിന്റെ ഇറ്റാലിയൻ താരം ഡാനിയേല റുഗാനി, ഫ്രഞ്ച് താരം ബ്ലെയിസ് മറ്റ്യുഡി എന്നിവർക്ക് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

ഇതോടെ ക്വാറന്റീനിലുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള താരങ്ങളെ കൂടുതൽ കർശനമായി നിരീക്ഷിക്കാനാണ് യുവെന്റസിന്റെ തീരുമാനം. അമ്മയ്ക്കു സുഖമില്ലാത്തതിനെ തുടർന്ന് സ്വദേശമായ പോർച്ചുഗലിലേക്ക് പോയ റൊണാൾഡോ ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. കോവിഡ് സ്ഥിരീകരിച്ച മൂന്നു താരങ്ങളുമായും അടുത്തിടപഴകിയവരാണ് റൊണാൾഡോ ഉൾപ്പെടെയുള്ള സഹതാരങ്ങൾ.

ഇരുപത്താറുകാരനായ പൗലോ ഡിബാലയുടെ പെൺസുഹൃത്ത് ഒറിയാന സബാട്ടിനിക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഓറിയാനയുടെയും എന്റെയും കോവിഡ് പരിശോധനയിൽ ഫലം പോസീറ്റിവാണ്. ഭാഗ്യവശാൽ ഞങ്ങൾ രണ്ടുപേർക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല’ – ഡിബാല പ്രസ്താവനയിൽ അറിയിച്ചു. 1990ലെ യുഎസ് ഓപ്പൺ വനിതാ വിഭാഗം ചാംപ്യൻ ഗബ്രിയേല സബാട്ടിനിയുടെ ബന്ധുവാണ് ഓറിയാന. അർജന്റീനയിലെ അറിയപ്പെടുന്ന ഗായികയും നടിയും മോഡലുമാണ് ഇവർ.

∙ മാൾഡീനിക്കും മകനും കോവിഡ്

ഇവർക്കു പുറമെ ഇറ്റലിയുടെയും ഇറ്റാലിയൻ ക്ലബ് എസി മിലാന്റെയും ഇതിഹാസ താരം പൗലോ മാൾഡീനിക്കും മകൻ ഡാനിയേൽ മാൾഡീനിക്കും കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ എസി മിലാന്റെ ടെക്നിക്കൽ ഡയറക്ടറാണ് പൗലോ മാൾഡീനി. ഫുട്ബോൾ താരമായ ഡാനിയേൽ ആകട്ടെ, എസി മിലാന്റെ ഫസ്റ്റ് ടീമിനൊപ്പമാണ് പരിശീലനം നടത്തിയിരുന്നത്. വൈറസ് ബാധയുടെ ലക്ഷണം കണ്ടപ്പോൾ മുതൽ ഇരുവരും ഐസലേഷനിലായിരുന്നു.

അതേസമയം, കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ചിരിക്കുന്ന ഇറ്റലിയിൽ മരണസംഖ്യ കുത്തനെ കൂടുകയാണ്. ഇന്നലെ മാത്രം 24 മണിക്കൂറിനുള്ളിൽ 793 പോരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. ഇതോടെ ഇറ്റലിയിൽ മാത്രം കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4825 ആയി ഉയർന്നു. ലോകത്താകമാനം വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13,000 പിന്നിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here