കോവിഡ് സ്ഥിരീകരിച്ച ഗായികയുടെ സമ്പര്‍ക്കപാതയിലെ എംപി രാഷ്ട്രപതിയെയും കണ്ടു

0
211

ന്യൂഡൽഹി: (www.mediavisionnews.in) കോറോണ ബാധ സ്ഥിരീകരിച്ച ഗായിക കനിക കപൂര്‍ ഇടപഴകിയവരില്‍ ബിജെപി എംപി ദുഷ്യന്ത് സിങ് അടക്കം നിരവധി പ്രമുഖരുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. സംശയത്തെ തുടര്‍ന്ന് സ്വയം സമ്പര്‍ക്ക വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ദുഷ്യന്ത് സിങ്. കനിക കപൂറിനൊപ്പമുള്ള പാര്‍ട്ടിയില്‍ ദുഷ്യന്ത് സിങ്ങിന്റെ അമ്മയും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയും പങ്കെടുത്തിരുന്നു. അതിനാല്‍ ഇരുവരും സ്വയം സമ്പര്‍ക്ക വിലക്കില്‍ കഴിയുകയാണ്.

ദുഷ്യന്ത് സിങ്ങുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദും നിരവധി എംപിമാരും സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. കനികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ എല്ലാവരും സ്വയം ക്വാറന്റൈനിലാണ്. ദുഷ്യന്ത് സിങ്ങിന്റെ സഞ്ചാര പഥം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. 

ദുഷ്യന്ത് സിങ് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും മറ്റ് എംപിമാര്‍ക്കുമൊപ്പം സത്കാരത്തില്‍ പങ്കെടുത്തിരുന്നു. ഇതാണ് ആശങ്ക കൂട്ടുന്നത്.

ബിജെപി എംപിയും നടിയുമായ ഹേമമാലിനി, കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ രാം മേഘ്വാള്‍, രാജ്യവര്‍ധന്‍ റാത്തോഡ് എന്നിവര്‍ക്കൊപ്പം ദുഷ്യന്ത് സിങ് പ്രഭാതഭക്ഷണം കഴിച്ചിരുന്നു.

ദുഷ്യന്ത് സിങ്ങുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനാല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്റെ പൊതു പരിപാടികളെല്ലാം റദ്ദാക്കി.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാല്‍ തങ്ങള്‍ സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കാൻ നിർബന്ധിതരായിരിക്കുകയാണെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തിരുന്നു. ലഖ്‌നൗവില്‍ ദുഷ്യന്ത് സിങ്ങിനൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തവരാരൊക്കെയാണെന്ന അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ്. 

ലഖ്‌നൗവില്‍ വെച്ച് താനും മകന്‍ ദുഷ്യന്തും ഒരു സത്കാരത്തില്‍ പങ്കെടുത്തിരുന്നുവെന്നും നിര്‍ഭാഗ്യവശാല്‍ കോവിഡ് പോസിറ്റീവാണെന്ന സ്ഥിരീകരിച്ച കനികയും ആ സത്കാരത്തില്‍ ഉണ്ടായിരുന്നതിനാല്‍ തങ്ങള്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണെന്ന വസുന്ധര രാജയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

രോഗ ലക്ഷണങ്ങള്‍ ഇതുവരെയും കാണിക്കാത്തതിനാല്‍ ദുഷ്യന്തിനെയും വസുന്ധരരാജയെയും കൊറോണ ടെസ്റ്റിന് വിധേയരാക്കിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here