കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ മൊബൈല്‍ കോള്‍ റെക്കോഡുകൾ ആവശ്യപ്പെട്ട് കേന്ദ്രം, സുപ്രീം കോടതി ചട്ടങ്ങളുടെ ലംഘനമെന്ന് വിമർശനം

0
211

ന്യൂഡല്‍ഹി: (www.mediavisionnews.in) മൊബൈല്‍ ഉപയോക്താക്കളുടെ കോള്‍ രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടത് വിവാദമായി. ചില പ്രത്യേക മേഖലകളിലെ മൊബൈല്‍ ഉപയോക്താക്കളുടെ പ്രത്യേക ദിവസങ്ങളിലെ കോള്‍ രേഖകളാണ് ആവശ്യപ്പെട്ടത്. ടെലികോം വകുപ്പിന്റെ പ്രാദേശിക യൂണിറ്റുകളില്‍ നിന്നാണ് അസാധാരണമായ ഈ ആവശ്യം ടെലികോം കമ്പനികളുടെ മുന്നിലെത്തിയിരിക്കുന്നത്. ഡല്‍ഹി, ആന്ധ്രപ്രദേശ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍, കേരളം, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ ഉപയോക്താക്കളുടെ കോള്‍ രേഖകളാണ് (സിഡിആര്‍) കേന്ദ്രം ആവശ്യപ്പെട്ടത്.

ജനുവരി മുതല്‍ ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ ശക്തമായിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ടെലികോം ഉദ്യോഗസ്ഥന്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഈ നീക്കത്തിനെ ഫെബ്രുവരി 12ന് രംഗത്തെത്തുകയും ടെലികോം വകുപ്പ് സെക്രട്ടറി അംശുപ്രകാശിന് പരാതി നല്‍കുകയും ചെയ്തിരുന്നു. 2013ല്‍ വിവിധ രാഷ്ട്രീയ നേതാക്കളുടെ കോളുകള്‍ ചോര്‍ത്തുന്നതായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കോള്‍ റെക്കോഡുകള്‍ ശേഖരിക്കുന്നതിനുള്ള നിയന്ത്രണം ശക്തമാക്കിയിരുന്നു. സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദ്ദേശപ്രകാരം എസ് പി റാങ്കിലോ അതിന് മുകളിലോ ഉള്ള ഉദ്യോഗസ്ഥന് മാത്രമേ ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ അധികാരമുള്ളൂ.

പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ആഭ്യന്തര സെക്രട്ടറിയുടെ ക്ലിയറന്‍സ് വേണം. ഒരോ മാസവും ശേഖരിച്ച സിഡിആര്‍ സംബന്ധിച്ച വിവരങ്ങള്‍ ഈ ഉദ്യോഗസ്ഥന്‍ ജില്ലാ മജിസ്ട്രേറ്റിനെ (കളക്ടർ) ധരിപ്പിക്കണം. എന്നാല്‍ ഈ ചട്ടങ്ങള്‍ക്ക് അനുസൃതമല്ല നിലവിലെ ആവശ്യപ്പെടല്‍. ഡല്‍ഹി സര്‍ക്കിളിലെ ഉപഭോക്താക്കളുടെ കോള്‍ റെക്കോഡിംഗുകള്‍ ഫെബ്രുവരി 2, 3, 4 തീയതികളിലാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമായി തുടരുന്ന സമയമായിരുന്നു ഇത്. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചുനില്‍ക്കുകയുമായിരുന്നു. ഫെബ്രുവരി ആറിന് ഡല്‍ഹിയില്‍ പ്രചാരണം അവസാനിക്കുകയും എട്ടിന് വോട്ടെടുപ്പ് നടക്കുകയും ചെയ്തു.

ടെലികോം ഓപ്പറേറ്റര്‍മാരുമായുള്ള ഡിഒടിയുടെ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം) ലൈസന്‍സ് എഗ്രിമെന്റിന്റെ 39, 20 വ്യവസ്ഥകള്‍ പ്രകാരം ടെലികോം ഓപ്പറേറ്റര്‍മാര്‍ കോള്‍ റെക്കോഡുകളും ഐപി ഡീറ്റെയില്‍ റെക്കോഡുകളും (ഐപിഡിആര്‍) ഒരു വര്‍ഷത്തേയ്ക്ക് സൂക്ഷിക്കണം. സിഡിആറുകള്‍ അന്വേഷണ ഏജന്‍സികള്‍ക്കും കോടതികള്‍ക്കും അവ ആവശ്യപ്പെടുകയോ നിര്‍ദ്ദേശിക്കുകയോ ചെയ്യുന്ന പക്ഷം നല്‍കണമെന്നുമുണ്ട്. എന്നാല്‍ ഇതിന് ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കണം. 2013ല്‍ അന്നത്തെ രാജ്യസഭ പ്രതിപക്ഷ നേതാവായിരുന്ന അരുണ്‍ ജയ്റ്റ്‌ലിയുടെ കോളുകള്‍ ചോര്‍ത്തിയതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് യുപിഎ സര്‍ക്കാര്‍ കോള്‍ രേഖ ശേഖരിക്കുന്നത് സംബന്ധിച്ച ചട്ടങ്ങള്‍ കര്‍ശനമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here