ദോഹ: (www.mediavisionnews.in) കൊറോണ വൈറസ് പകരുന്നതുമായി ബന്ധപ്പെട്ട് ഖത്തറിലേക്കുള്ള വിമാന സേവനങ്ങളെല്ലാം നിര്‍ത്തിവച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വെയ്സ്.
2020 ജൂുണ്‍ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കോ ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കോ ആണ് ഇളവ് ലഭിക്കുക. ഇവര്‍ക്ക് യാത്രയുടെ മൂന്ന് ദിവസം മുമ്പ് സൗജന്യമായി യാത്രാ തിയ്യതി മാറ്റാം. അതല്ലെങ്കില്‍ ഭാവിയിലെ യാത്രയ്ക്കായി ടിക്കറ്റ് നിരക്കിന് തുല്യമായ ട്രാവല്‍ വൗച്ചര്‍ കൈപ്പറ്റാം.
ട്രാവല്‍ ഏജന്റ് വഴിയാണ് ബുക്ക് ചെയ്തതെങ്കില്‍ തിയതി മാറ്റുന്നതിനും റീഫണ്ടിങ്ങിനും ട്രാവല്‍ ഏജന്റിനെയാണ് സമീപിക്കേണ്ടത്. ഖത്തര്‍ എയര്‍വെയ്സ് വെബ്സൈറ്റ് വഴിയോ ഓഫിസ് വഴിയോ ബുക്ക് ചെയ്തവര്‍ക്ക് ഓണ്‍ലൈനില്‍ റീഫണ്ട് ചെയ്യുകയോ പ്രാദേശിക കോണ്ടാക്ട് സെന്ററിലേക്ക് വിളിക്കുകയോ ചെയ്യാം.
ടിക്കറ്റിന് പകരം ലഭിക്കുന്ന ട്രാവല്‍ വൗച്ചര്‍ ഇഷ്യു ചെയ്ത തിയതി മുതല്‍ ഒരു വര്‍ഷത്തിനകം ഉപയോഗിക്കാവുന്നതാണ്. വിമാനം പുറപ്പെടുന്നതിന്റെ മൂന്ന് ദിവസം മുമ്പ് ടിക്കറ്റ് കാന്‍സല്‍ ചെയ്താല്‍ റീഫണ്ട് പിഴ ഒഴിവാക്കി നല്‍കും.
ബുധനാഴ്ച്ച മുതല്‍ ഖത്തറിലേക്കുള്ള എല്ലാ വിമാനങ്ങളും രണ്ടാഴ്ച്ചത്തേക്കു റദ്ദാക്കിയിട്ടുണ്ട്. ഈ കാലയളവില്‍ ഖത്തര്‍ പൗരന്മാരെ മാത്രമാണ് രാജ്യത്തേക്കു പ്രവേശിപ്പിക്കുക. അവര്‍ 14 ദിവസം നിര്‍ബന്ധിത ക്വാരന്റൈന് വിധേയരാവണം. അതേ സമയം, ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് വഴിയുള്ള കണക്ഷന്‍ വിമാനങ്ങള്‍ തുടര്‍ന്നും അനുവദിക്കും.