മുണ്ടക്കയം: (www.mediavisionnews.in) കഴിഞ്ഞ വർഷം മാർച്ച് 17നു മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന പിതാവിന് അതേ മകളുടെയും മരുമകന്റെയും മൃതദേഹം പോലും കാണാൻ കഴിയില്ല. പുഞ്ചവയൽ കുളമാക്കൽ മണ്ണാർത്തോട്ടം ഇസ്മായിലാണ് അപകടത്തിൽ മരിച്ച ഗർഭിണിയായ മകളെയും മരുമകനെയും അവസാനമായി ഒരുനോക്കു കാണാൻ കഴിയാത്ത ദുരവസ്ഥയിലായിരിക്കുന്നത്.
എംസി റോഡിൽ പെരുമ്പാവൂർ പുല്ലുവഴിയിൽ തടിലോറിയിൽ കാർ ഇടിച്ചാണ് ഇസ്മായിലിന്റെ മകൾ സുമയ്യയും (20) ഭർത്താവ് ഹനീഫയും ഹനീഫയുടെ അനുജൻ ഷാജഹാനും മരിച്ചത്. സൗദിയിൽ ജോലി ചെയ്യുന്ന ഇസ്മായിലിനു കഴിഞ്ഞ വർഷം മകളുടെ വിവാഹത്തിന് എത്താൻ കഴിഞ്ഞില്ല. ഇന്നലെ അപകടവിവരം ഇസ്മായിലിനെ അറിയിച്ചെങ്കിലും കോവിഡ്–19 രോഗഭീതി കാരണം നാട്ടിലേക്കു വരാനുള്ള ശ്രമം നടന്നില്ല.
നാളെ വിവാഹവാർഷികം ആഘോഷിക്കുന്ന ദമ്പതികൾ പുഞ്ചവയലിലെ വീട്ടിലേക്കു വരുമ്പോഴാണ് അപകടം ഉണ്ടായത്. പുലർച്ചെ പെരുമ്പാവൂരിൽ നിന്നു പൊലീസ് ഫോണിൽ വിളിച്ചപ്പോഴാണു വീട്ടുകാർ അപകടവിവരം അറിഞ്ഞത്. ഗർഭിണിയായ മകളും മരുമകനും സഹോദരനും വരുന്നതറിഞ്ഞ് സുമയ്യയുടെ മാതാവ് സക്കീനയും കുടുംബാംഗങ്ങളും വിരുന്നൊരുക്കി കാത്തിരിക്കുകയായിരുന്നു.