കോവിഡ് 19: കര്‍ശന നടപടികളുമായി ഖത്തര്‍; വിമാന സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുന്നു

0
184

ദോഹ: (www.mediavisionnews.in) കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ഖത്തര്‍ ഭരണകൂടം. ഇതിന്റെ ഭാഗമായി ബുധനാഴ്ച വൈകീട്ടോടെ വിദേശത്തുനിന്നുള്ള മുഴുവന്‍ വിമാന സര്‍വീസുകളും ഖത്തര്‍ നിര്‍ത്തിവയ്ക്കും. 14 ദിവസത്തേക്കാണ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നത്. അതേസമയം, കാര്‍ഗോ, ട്രാന്‍സിറ്റ് ഫ്‌ലൈറ്റുകള്‍ സര്‍വീസ് നടത്തും. ഖത്തര്‍ അമീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്രൈസിസ് മാനേജ്‌മെന്റിന്റെ സുപ്രിം കമ്മിറ്റി യോഗത്തിലാണ് സുപ്രധാന നടപടികള്‍ കൈകൊണ്ടത്.

മെട്രോ, കാര്‍വ ബസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പൊതുഗതാഗതവും ഇന്ന് രാത്രി 10 മണി മുതല്‍ നിര്‍ത്തലാക്കും. 55 വയസ്സിനു മുകളിലുള്ള ജീവനക്കാര്‍, ഗര്‍ഭിണികള്‍, പ്രമേഹ രോഗികള്‍, ഹൃദയ രോഗികള്‍, വൃക്കരോഗികള്‍ തുടങ്ങിയ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കും. മാര്‍ച്ച് 22 മുതല്‍ പൊതുവിദ്യാലയങ്ങളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിദൂര പഠനം ആരംഭിക്കും.

കൂടാതെ, ഖത്തര്‍ മ്യൂസിയത്തിന്റെ കീഴിലെ എല്ലാ മ്യൂസിയങ്ങളും പൈതൃക കേന്ദ്രങ്ങളും ബസാറുകളും താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. ഖത്തര്‍ ദേശീയ മ്യൂസിയം, മതാഫ്അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്, ഫയര്‍ സ്‌റ്റേഷന്‍ എന്നിവയെല്ലാമാണ് അടച്ചത്.

മ്യൂസിയങ്ങളിലെ വില്‍പനശാലകള്‍, കഫേകള്‍, റസ്റ്ററന്റുകള്‍, ദേശീയ മ്യൂസിയത്തിലെ കുട്ടികളുടെ കളിസ്ഥലങ്ങള്‍ എന്നിവയും അടച്ചു. മ്യൂസിയങ്ങളിലെ പ്രാദേശിക വിപണികളായ വാരാന്ത്യ മിയ ബസാര്‍, ബരാഹ ബസാര്‍, സ്‌കൂള്‍ സന്ദര്‍ശനങ്ങള്‍, പ്രഭാഷണങ്ങള്‍, ടൂര്‍, വിദ്യാഭ്യാസ പരിപാടികള്‍, പൊതു പരിപാടികള്‍ എന്നിവയെല്ലാം റദ്ദാക്കി.അല്‍ഖോര്‍ ഫാമിലി പാര്‍ക്ക്, ദാലുല്‍ഹമാം പാര്‍ക്കും എല്ലാ പബ്ലിക് പാര്‍ക്കുകളിലെയും കുട്ടികളുടെ കളിസ്ഥലവും അടച്ചു. നഗരസഭ പരിസ്ഥിതി മന്ത്രാലയം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ മുഴുവന്‍ തൊഴിലാളി ക്യാംപുകളിലും ശുചിത്വം പാലിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് പാലിക്കപ്പെടുന്നത് ഉറപ്പാക്കാന്‍ പരിശോധനയും ആരംഭിച്ചു. ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ സഹകരണത്തിലാണ് പരിശോധന. കമ്പനികള്‍ ജീവനക്കാരുടെ ജോലികള്‍ ഓഫിസിനുള്ളില്‍ മാത്രമാക്കി പരിമിതപ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here