അങ്ങോട്ടും ഇങ്ങോട്ടുമില്ലാതെ വലഞ്ഞ് പ്രവാസികള്‍; കാത്തിരിക്കുന്നത് കടുത്ത സാമ്പത്തികപ്രതിസന്ധി

0
169

വടകര: (www.mediavisionnews.in) വിവാഹത്തിന് രണ്ടാഴ്ചയേ ഉള്ളൂ, നാദാപുരം സ്വദേശിയായ വരന്‍ ഖത്തറിലാണുള്ളത്. വിവാഹത്തിന് ഒരാഴ്ചമുമ്പ് നാട്ടിലെത്താനാണ് തീരുമാനിച്ചത്. സമയത്ത് നാട്ടിലെത്താന്‍ കഴിയുമോ എന്നത് ആദ്യത്തെ പ്രശ്നം. നാട്ടിലെത്തിയാലും 14 ദിവസം ഏകാന്തവാസം വേണം. ഇതിനിടെ ചടങ്ങിനെങ്കിലും കല്യാണം നടത്താന്‍ സാധിക്കുമോ എന്നത് മറ്റൊരു പ്രശ്നം.

കൊറോണ ഭീഷണി പ്രവാസികളെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്നതിന്റെ ഒരു ചിത്രം മാത്രമാണിത്. മലയാളികള്‍ ഏറെയുള്ള ദുബായ്, കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലെല്ലാം കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ ത്രിശങ്കുവിലായത് ഒട്ടേറെ പേരാണ്. നാട്ടിലേക്കുവരാനും കഴിയുന്നില്ല, വന്നവര്‍ക്ക് അവധികഴിഞ്ഞ് പോകാനും കഴിയുന്നില്ല.

നൂറുകണക്കിനാളുകള്‍ ഒരാഴ്ചയ്ക്കിടെ ഗള്‍ഫ് നാടുകളിലേക്കുള്ള യാത്ര റദ്ദാക്കി. പലരുടെയും വിസ കാലാവധി കഴിയാന്‍ ദിവസങ്ങള്‍ മാത്രം. ഖത്തറും കുവൈത്തും സൗദിയുമെല്ലാം വിദേശത്തേക്ക് മടങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ഇളവ് പ്രഖ്യാപിച്ചതാണ് ആകെയുള്ള ആശ്വാസം.

കുറ്റ്യാടി സ്വദേശിയായ ഒരു യുവാവ് കഴിഞ്ഞദിവസം നാട്ടിലെത്തിയത് അപ്രതീക്ഷിതമായാണ്. ഖത്തറില്‍നിന്ന് വ്യാപാരാവശ്യാര്‍ഥം ദുബായിലേക്ക് പോയതായിരുന്നു. തിരിച്ച് ഖത്തറില്‍ എത്തിയപ്പോള്‍ പുറത്തിറങ്ങാന്‍ വിട്ടില്ല. ഇതോടെ നാട്ടിലേക്ക് മടങ്ങി. അവധികഴിഞ്ഞ് ഖത്തറിലേക്ക് പോകേണ്ട ഒട്ടേറെ പേര്‍ നാദാപുരം, കുറ്റ്യാടി മേഖലയിലുണ്ട്.

കാത്തിരിക്കുന്നത് കടുത്ത സാമ്പത്തികപ്രതിസന്ധി

വിസ നീട്ടിക്കിട്ടാനും മറ്റും വഴിതെളിഞ്ഞെങ്കിലും പ്രവാസികള്‍ ആശങ്കപ്പെടുന്നത് വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചാണ്. വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരുമാണ് മലബാറിലെ പ്രവാസികളില്‍ ഏറെയും. പ്രത്യേകിച്ചു റെസ്റ്റോറന്റ്, സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥാപനങ്ങള്‍ നടത്തുന്നവര്‍.

കുവൈത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ്. പാഴ്‌സല്‍മാത്രമേ നല്‍കാന്‍ പാടുള്ളൂ. ഇതോടെ കച്ചവടം പകുതിയിലേറെ കുറഞ്ഞു. തദ്ദേശീയര്‍ പുറത്ത് ഇറങ്ങുന്നുമില്ല. കച്ചവടം കുറഞ്ഞതോടെ തൊഴിലാളികളും ദുരിതത്തിലായി. ജോലി പകുതിസമയമായി വെട്ടിക്കുറച്ചു. ഇതോടെ പകുതിശമ്പളമേ കിട്ടൂ.

LEAVE A REPLY

Please enter your comment!
Please enter your name here