മഞ്ചേശ്വരം: (www.mediavisionnews.in) ഹിന്ദു വർഗീയത ആളികത്തിച്ച് മഞ്ചേശ്വരം വീണ്ടും ഹിന്ദു അണ്ടർ ആം ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു. സംഘപരിവാർ സാംസ്കാരിക സംഘടനകളും ക്ലബ്ബുകളും നടത്തുന്ന കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ഇതര മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് വീണ്ടും വിലക്ക് ഏർപ്പെടുത്തി. ഹിന്ദുക്കൾക്ക് മാത്രം മത്സരിക്കാം എന്നു കാണിച്ചാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകൾ പ്രചരിക്കുന്നത്. മത്സര വിജയികൾക്കുള്ള ട്രോഫികളും മറ്റും ഒരുങ്ങി കഴിഞ്ഞു. യുവസേന മജീർപ്പള്ള എന്ന പേരിലാണ് പോസ്റ്റർ. കേരള – കർണാടക അതിർത്തി പ്രദേശമായ മഞ്ചേശ്വരം താലൂക്കിൽപ്പെട്ട വോർക്കാടി പഞ്ചായത്തിലെ മജീർപള്ളയിലാണ് അണ്ടർ ആം ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാവുക.
ഈ മാസം 29നാണ് മത്സരം നടക്കാനിരിക്കുന്നത്. യുവസേന മജീർപ്പള്ള എന്ന സാംസ്കാരിക സംഘടനയുടെ ബാനറിലാണ് ക്രിക്കറ്റ് ടൂർണമെന്റിലേക്ക് ടീമുകളെ ക്ഷണിച്ചിരിക്കുന്നത്. മതത്തിന്റെ പേരിൽ ഇത്തരം കായിക മത്സരങ്ങൾ നടത്തി വർഗീയത പ്രചരിപ്പിക്കുന്ന കളികളും മറ്റും മഞ്ചേശ്വരത്ത് സാധാരണമാണ്. കഴിഞ്ഞ വർഷം ഉപ്പള ബേക്കുറിലും പൈവളിഗെ പഞ്ചായത്തിലെ ബായാർ ബെരിപ്പദവിലും ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള ശ്രീദേവി സേവാസമിതിയും മറ്റൊരു സംഘപരിവാർ സംഘടനയും ക്രിക്കറ്റ് – കബഡി ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ തീരുമാനിക്കുകയും പൊലിസ് അനുമതിയും തേടിയിരുന്നു.
എന്നാൽ ആദ്യം പൊലിസ് അനുമതി നൽകുകയും സംഭവം വിവാദമായതോടെ റദ്ധാക്കുകയായിരുന്നു. പിന്നീട് ഇത് ഏറെ കോളിളക്കം സൃഷ്ടിക്കുകയുമുണ്ടായി. പൊലിസ് നടപടി എടുത്താൽ നേരിടുമെന്നായിരുന്നു വിഷയത്തിൽ ബി.ജെ.പി നേതൃത്വമടക്കം പ്രതികരിച്ചത്. അന്ന് കബഡി – ക്രിക്കറ്റ് ടൂർണമെന്റിനായി അച്ചടിച്ച നോട്ടീസും രസീത് ബുക്കും വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ നോട്ടീസടക്കമുള്ള ഇത്തരം രേഖകൾ അച്ചടിച്ചിറക്കിയാൽ മത്സരത്തിനെതിരെ നടപടിയുണ്ടാകുമെന്ന് കരുതിയാകാം ഇപ്പോൾ മജീർപ്പള്ളയിൽ നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിന് സോഷ്യൽ മീഡിയകളിലൂടെ പ്രചാരണം നടത്തുന്നത്.
അതിർത്തിയിലെ കർണാടക സംസ്ഥാനത്തെ ബി.ജെ.പി, ആർ.എസ്.എസ് നേതൃത്വത്തിന്റെ പിന്തുണയും പണവും ഇവർക്ക് ലഭിക്കുന്നു എന്നതാണ് ഇത്തരം കായിക മത്സരങ്ങൾ വ്യാപകമാകുന്നത്. മത്സരത്തിന്റെ വേദിയിൽ പ്രകോപന പ്രസംഗങ്ങളുമുണ്ടാകും. ഇത്തരത്തിൽ കർണാടകയോട് ചേർന്ന് കിടക്കുന്ന മഞ്ചേശ്വരം താലൂക്കിലെ വോർക്കാടി, എൺമകജെ, മഞ്ചേശ്വരം എന്നി പഞ്ചായത്തുകളിൽ പരസ്യമായും രഹസ്യമായും ആർ.എസ്.എസ്, മറ്റു സംഘപരിവാർ സംഘടനകളും ചേർന്ന് വർഗീയത ഇളക്കിവിടുന്ന കലാ-കായിക മത്സരങ്ങൾ ഉൾപ്പെടെ നടത്തി വരികയാണ്.