മലപ്പുറം/ റിയാദ്: (www.mediavisionnews.in) കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് യു.എ.ഇ വഴി സൗദിയിലേക്കുള്ള എല്ലാ കണക്ടിങ് സര്‍വീസുകളും റദ്ദാക്കി. സൗദിയില്‍ ഇന്ന് നാലു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു സൗദി സ്വദേശിക്കും ബെഹ്‌റൈനില്‍ നിന്നുള്ള രണ്ടു പേര്‍ക്കും യു.എസില്‍ നിന്ന് ഒരാള്‍ക്കുമാണ് വൈറസ് ബാധ് സ്ഥിരീകരിച്ചത്.
ഇതോടെ സൗദിയില്‍ നിന്ന് പുറത്തേക്കുള്ള യാത്രാ വിലക്ക് കര്‍ശനമാക്കി. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന വായു ജല ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. സൗദിയില്‍ നിന്ന് ഒമ്പത് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കും വിലക്ക് ഏര്‍പ്പെടുത്തി. യു.എ.ഇ, കുവൈത്ത്, ബെഹ്‌റൈന്‍, ലെബനന്‍, സിറിയ, ഈജിപ്ത്, ഇറാഖ്, ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കാണ് യാത്രാ വിലക്കെന്ന് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. സൗദി പൗരന്മാര്‍ക്കും വിദേശത്തുനിന്ന് എത്തി സൗദിയില്‍ താമസിക്കുന്നവര്‍ക്കും വിലക്ക് ബാധകമാണ്.
ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും കഴിഞ്ഞ 14 ദിവസത്തിനിടയില്‍ ഇവിടം സന്ദര്‍ശിച്ചവര്‍ക്കും സൗദിയിലേക്ക് താല്‍ക്കാലിക പ്രവേശന വിലക്കും ഏര്‍പ്പെടുത്തി. ഇന്ന് നാലു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സൗദിയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. കോവിഡിന്റെ ഉല്‍ഭവ കേന്ദ്രമായ ചൈനയിലേക്ക് കഴിഞ്ഞ മാസം അവസാനം യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.