വയനാട്: (www.mediavisionnews.in) കൊറോണക്കും പക്ഷിപ്പനിക്കും പിന്നാലെ കുരങ്ങുപനി ആശങ്കയും. വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് വീട്ടമ്മ മരിച്ചു. നാല് പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ മാസം കര്‍ണ്ണാടകയില്‍ കുരങ്ങുപനി ബാധിച്ച് രണ്ടു പേര്‍ മരിച്ചിരുന്നു. കുരങ്ങുപനി നേരിടാൻ മുൻകരുതൽ നിർദേശം നൽകിയതായി വയനാട് ഡി എം ഒ അറിയിച്ചു.
കുരങ്ങുപനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തിരുനെല്ലി കാട്ടിക്കുളം നാരങ്ങാക്കുന്ന് കോളനിയിലെ രാജുവിന്റെ ഭാര്യ മീനാക്ഷിയാണ് മരിച്ചത്. ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും രോഗം മൂര്‍ഛിച്ചതിനാല്‍ കഴിഞ്ഞ ആറിന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുരങ്ങുപനി ബാധിച്ച് ഇതുവരെ 13 പേരാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഇതില്‍ ഒമ്പത് പേര്‍ ചികിത്സ പൂര്‍ത്തിയാക്കി മടങ്ങിയെങ്കിലും വീടുകളില്‍ നിരീക്ഷണത്തിലാണ്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും രണ്ടു പേര്‍ വയനാട്ടില്‍ ആശുപത്രികളിലുമാണ്.
കര്‍ണ്ണാടകയില്‍ കഴിഞ്ഞ മാസം രണ്ടു പേര്‍ കുരങ്ങുപനി ബാധിച്ച് മരിച്ചിരുന്നു. വയനാട്ടില്‍ കുരങ്ങുപനി മരണം റിപ്പോര്‍ട്ട് ചെയ്ത നാരങ്ങാക്കുന്ന് കോളനിയോട് അതിര്‍ത്തി പങ്കിടുന്ന കര്‍ണ്ണാടകയിലെ ബേഗൂര്‍ വനത്തിനോട് ചേര്‍ന്ന് താമസിക്കുന്നവരായിരുന്നു മരിച്ച രണ്ടു പേര്‍. വനത്തിൽ പോകുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായും പാലിക്കണമെന്ന് നിർദേശം നൽകിയതായി വയനാട് ഡി.എം.ഒ ഡോ രേണുക അറിയിച്ചു.
കുരങ്ങുകളിലെ ചെള്ളില്‍ നിന്നുമാണ് രോഗാണുക്കള്‍ പകരുന്നത്. ഒരു കുരങ്ങില്‍ നിന്നും മറ്റു കുരങ്ങുകളിലേക്ക് പകരുകയും അത് മനുഷ്യരിലേക്കെത്തുകയുമാണ് ചെയ്യുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ല. പനിയും കടുത്ത തലവേദനയുമാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഛര്‍ദിയും രക്തസ്രാവവുമുണ്ടാകും. മൂന്നാഴ്ച രോഗം മാറാതെ നില്‍ക്കുകയാണെങ്കില്‍ രോഗിയുടെ ആരോഗ്യം അപകടത്തിലാവും.