രണ്ടേ രണ്ട് ചോദ്യങ്ങൾ; മറച്ചുവെച്ച കൊറോണബാധ സർക്കാർ ആശുപത്രി കണ്ടെത്തിയത് ഇങ്ങനെ

0
175

പത്തനംതിട്ട: (www.mediavisionnews.in) ഇറ്റലിയിൽനിന്ന് മടങ്ങിയെത്തിയ മൂന്നു പേർ ഉൾപ്പടെ പത്തനംതിട്ടയിലെ അഞ്ചുപേരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതിന്‍റെ ഞെട്ടലിലാണ് കേരളം. എന്നാൽ കൊറോണബാധിത രാജ്യത്തുനിന്ന് തിരിച്ചെത്തിയതാണെന്ന കാര്യം മറച്ചുവെയ്ക്കുകയാണ് അച്ഛനും അമ്മയും മകനും ഉൾപ്പടെയുള്ള കുടുംബം ചെയ്തത്. എന്നാൽ സമാനലക്ഷണങ്ങളുമായി റാന്നി താലൂക്ക് ആശുപത്രിയിലെത്തിയ ഇവരുടെ ബന്ധുക്കളിൽനിന്നാണ് രോഗബാധിതരെ കണ്ടെത്തിയത്. ഇറ്റലിയിൽനിന്ന് എത്തിയതിൽ ഒരാൾ രോഗലക്ഷണവുമായി സ്വകാര്യ ആശുപത്രിയിൽ പോയി മരുന്ന് വാങ്ങിയെങ്കിലും കൊറോണ ലക്ഷണങ്ങൾ തിരിച്ചറിയാണ് അവിടുത്തെ ഡോക്ടർമാർക്ക് സാധിച്ചില്ല. റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ രണ്ടു ചോദ്യങ്ങളിൽനിന്നാണ് രോഗബാധിതരായ അഞ്ചുപേരെയും കണ്ടെത്തി ഐസൊലേഷൻ വാർഡിലേക്ക് മാറ്റാനായത്.

ഫെബ്രുവരി 28ന് വൈകിട്ടോടെയാണ് ദമ്പതികളും മകനും ഉൾപ്പടെയുള്ള കുടുംബം ഇറ്റലിയിലെ വെനീസിൽനിന്ന് കേരളത്തിലേക്ക് തിരിക്കുന്നത്. ഖത്തർ എയർവേസിന്‍റെ കണക്ഷൻ ഫ്ലൈറ്റുകളിലൂടെ ഖത്തറിലെ ദോഹ വഴിയാണ് ഇവർ കൊച്ചിയിലേക്ക് വരുന്നത്. വെനീസിൽനിന്ന് ക്യൂ ആർ 126 ഫ്ലൈറ്റിൽ ദോഹയിൽ എത്തുന്നു. അവിടെ ഒന്നര മണിക്കൂർ കാത്തിരിപ്പിനുശേഷം ക്യൂ ആർ 514 വിമാനത്തിൽ കൊച്ചിയിലേക്ക് പുറപ്പെടുന്നു. ഫെബ്രുവരി 29ന് രാവിലെ എട്ടരയോടെ കൊച്ചിയിലെത്തി. അവിടെനിന്ന് ബന്ധുക്കൾ എത്തിച്ച കാറിൽ സ്വദേശമായ പത്തനംതിട്ടയിലെ റാന്നിയിലേക്ക് പുറപ്പെട്ടു.

തൊട്ടടുത്ത ദിവസങ്ങളിൽ കോട്ടയത്തേത് ഉൾപ്പടെ ഉറ്റബന്ധുക്കളുടെ വീടുകളിൽ ഇവർ സന്ദർശനം നടത്തി. പള്ളിയിൽ പോകുകയും ചില പൊതു ചടങ്ങുകളിൽ സംബന്ധിക്കുകയും ചെയ്തു. ഇറ്റലിയിൽനിന്ന് മടങ്ങിയെത്തിയ സ്ത്രീ മാർച്ച് നാലിന് തൊണ്ടയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടെയെത്തി ഡോക്ടറെ കണ്ടെങ്കിലും ഇറ്റലിയിൽനിന്ന് വന്ന വിവരം മറച്ചുവെച്ചു. കൊറോണ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ അവിടുത്തെ ഡോക്ടർമാർക്ക് വീഴ്ച സംഭവിക്കുകയും ചെയ്തു. തൊണ്ടയിലെ അണുബാധയ്ക്കുള്ള മരുന്നും വാങ്ങി അവർ വീട്ടിലേക്ക് മടങ്ങി.

എന്നാൽ അതിന്‍റെ പിറ്റേദിവസം അതായത് മാർച്ച് അഞ്ചിന് ഇവരുടെ ഭർത്താവിന്‍റെ സഹോദരനും ഭാര്യയും സമാനമായ അസ്വസ്ഥതകളും അനുഭവപ്പെട്ടു. ഇതേത്തുടർന്ന് റാന്നി താലൂക്ക് ആശുപത്രിയിൽ എത്തുന്നു. അവിടെ കൊറോണ രോഗലക്ഷണങ്ങങ്ങളാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമാർ ഇവരോട് ചോദിച്ച രണ്ട് ചോദ്യങ്ങളിലൂടെ കാര്യങ്ങൾ മനസിലാക്കുന്നു.

അടുത്തിടെ വിദേശത്ത് പോയിരുന്നോ?
അടുത്ത ബന്ധത്തിലുള്ള ആരെങ്കിലും വിദേശത്തുനിന്ന് മടങ്ങിവന്നോ?

ഇതേത്തുടർന്ന് സഹോദരനും കുടുംബവും വിദേശത്തുനിന്ന് മടങ്ങിയെത്തിയ കാര്യവും സഹോദരി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ വിവരവും അറിയിച്ചു.

അപ്പോൾത്തന്നെ റാന്നി താലൂക്ക് ആശുപത്രിയിലെ വൈദ്യസംഘം ഇവരുടെ വീട്ടിലെത്തി. മൂന്നുപേരിലും കൊറോണ ലക്ഷണങ്ങളുണ്ടെന്ന് കണ്ടെത്തിയതോടെ അവർ സ്വന്തം കാറിൽ ആശുപത്രിയിൽ എത്തി. പരിശോധനയ്ക്കുശേഷം അഞ്ചുപേരെയും ആംബുലന്‍സിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കും ഐസൊലേഷൻ വാർഡിലേക്കും മാറ്റുകയായിരുന്നു. പിന്നീട് ഇവരുടെ സാംപിൾ പരിശോധനയ്ക്ക് അയയ്ക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

കൂടാതെ ഇവരുടെ അടുത്ത ബന്ധുക്കളായ രണ്ട് വയോധികരിൽ കൂടി രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇവരെയും ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കി. ഇറ്റലിയിൽനിന്ന് മടങ്ങിയെത്തിയവരെ കൊച്ചി വിമാനത്താവളത്തിലെത്തി കൂട്ടിക്കൊണ്ടുവന്ന കോട്ടയത്തെ ബന്ധുക്കളെയും നിരീക്ഷിക്കുന്നുണ്ട്. രോഗം സ്ഥിരീകരിച്ചവരേയും ലക്ഷണങ്ങളുള്ളവരേയും ആവശ്യമെങ്കില്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here