കൊറോണ ബാധിതര്‍ ഒരു ലക്ഷം കവിഞ്ഞു; ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ഫെയ്‌സ്ബുക്ക്‌ ഓഫീസുകള്‍ അടച്ചു

0
185

ലണ്ടന്‍: (www.mediavisionnews.in) കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫേയ്‌സ്ബുക്കിന്റെ ലണ്ടന്‍ ഓഫീസും സിങ്കപ്പൂര്‍ ആസ്ഥാന ഓഫീസിന്റെ ഭാഗവും അടയ്ക്കുന്നു. സിങ്കപ്പൂര്‍ ഓഫീസിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

ഫേയ്‌സ്ബുക്കിന്റെ മറീന വണ്‍ ഓഫീസിലെ ജീവനക്കാരനാണ് വെള്ളിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ അടുത്തിടെ ലണ്ടന്‍ ഓഫീസ് സന്ദര്‍ശിച്ചിരുന്നു. അതിനാലാണ് ലണ്ടന്‍ ഓഫീസും അടയ്ക്കാന്‍ തീരുമാനിച്ചത്. മാര്‍ച്ച് ഒമ്പത് വരെയാണ് ലണ്ടന്‍ ഓഫീസ് അടയ്ക്കുന്നത്.

വൈറസ് ബാധ സ്ഥീരീകരിച്ച ഓഫീസുകള്‍ വൈറസ് മുക്തമാക്കുന്നതിനായി ഉടന്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചതായി ഫേയ്‌സ്ബുക്ക് സ്ഥിരീകരിച്ചു. സിങ്കപ്പൂർ ഓഫീസിലെ ജീവനക്കാരോട് മാര്‍ച്ച് 13 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചതായും കമ്പനി വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച ആളുമായി ബന്ധപ്പെട്ട മറ്റു ജീവനക്കാര്‍ക്ക് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫേയ്‌സ്ബുക്കിന്റെ ഷാങ്ഹായ് ഓഫീസ് നേരത്തെ അടച്ചിരുന്നു. ഇറ്റലി, ദക്ഷിണ കൊറിയ, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കമ്പനി നിര്‍ദേശിച്ചിട്ടുണ്ട്.

ലോകത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം വെള്ളിയാഴ്ച ഒരുലക്ഷം കടന്നു. 1,01,569 പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലമുള്ള മരണം 3461 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here