പൗരത്വ നിയമത്തിന് എതിരായ സമരം: സ്ത്രീകളുടെ പ്രതിഷേധം വൈകിട്ട് ആറു വരെ മതിയെന്ന് മുസ്ലിം ലീഗ്

0
220

കോഴിക്കോട്: (www.mediavisionnews.in) പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി മുസ്ലിം ലീഗ്. വൈകിട്ട് ആറിന് ശേഷം സ്ത്രീകള്‍ സമരത്തിന് ഇറങ്ങേണ്ടെന്നാണ്
പുതിയ നിര്‍ദ്ദേശം. അതേ സമയം ബംഗളുരുവില്‍ ചേര്‍ന്ന ദേശീയ കമ്മിറ്റിയുടേതാണ് തീരുമാനമെന്ന് വനിത ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് പറഞ്ഞു. വനിതാപ്രവര്‍ത്തകര്‍ നിര്‍ദ്ദേശം പാലിക്കണമെന്നും നൂര്‍ബിന കൂട്ടിച്ചേര്‍ത്തു.

നേരത്തേ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സമരങ്ങളില്‍ സ്ത്രീകള്‍ തെരുവില്‍ ഇറങ്ങരുതെന്ന് സമസ്ത ഫത്വ ഇറക്കിയിരുന്നു. പുരുഷന്‍മാരെ പോലെ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ല. പ്രക്ഷോഭത്തില്‍ സമസ്തയുടെ ഇരുവിഭാഗങ്ങളും യോജിക്കണം. ലൗ ജിഹാദെന്ന സിറോ മലബാര്‍ സഭയുടെ ആരോപണം തെറ്റാണെന്നും കാന്തപുരം പറഞ്ഞിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള സമരങ്ങളുമായി ബന്ധപ്പെട്ട് മുസ്ലിം സ്ത്രീകള്‍ക്ക് ഇ കെ വിഭാഗം സമസ്തയും നേരത്തെ താക്കീത് നല്‍കിയിരുന്നു.

പ്രതിഷേധങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ പരിധി വിടരുതെന്നാണ് സമസ്ത നല്‍കിയ മുന്നറിയിപ്പ്. ഇ കെ വിഭാഗം സമസ്തയുടെ ഒന്‍പത് നേതാക്കളുടെ പേരിലാണ് പ്രസ്താവന പുറത്തിറങ്ങിയത്. മുസ്ലിം സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നതും അറസ്റ്റിനും മറ്റും ഇടവരുത്തുന്ന വിധം പരിധി വിടുന്നതും ഇസ്ലാമിക വിരുദ്ധമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. മുസ്ലിം സ്ത്രീകള്‍ പ്രക്ഷോഭങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും ബന്ധപ്പെട്ട സംഘടനകള്‍ പ്രഖ്യാപിത നിലപാടില്‍ നിന്ന് വ്യതിചലിക്കരുതെന്നും സമസ്ത ആവശ്യപ്പെട്ടിരുന്നു. അനിസ്ലാമികമായ രീതികളിലേക്ക് മുസ്ലിം സ്ത്രീകളുടെ പ്രതിഷേധം മാറുന്നത് ശരിയല്ലെന്നും സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയും വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here