തിരുവനന്തപുരം: (www.mediavisionnews.in) ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് ശക്തമായ വേനല്‍മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ചിലയിടങ്ങളില്‍ ശക്തവും മറ്റിടങ്ങളില്‍ നേരിയ തോതിലും പെയ്യുന്നുണ്ടെങ്കിലും വേനല്‍മഴയുടെ തീവ്രതയില്ലെന്ന് അധികൃതര്‍ അറിയിച്ചു. കനത്തചൂട് മൂലം രൂപപ്പെട്ട മേഘങ്ങളാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ മഴ ലഭിക്കും.
മാര്‍ച്ച് മുതല്‍ മെയ് വരെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ താപനില സാധാരണത്തേതിനേക്കാള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഉയര്‍ന്ന താപനില സാധാരണ നിലയേക്കാള്‍ ശരാശരി 0.86 ഡിഗ്രി സെല്‍ഷ്യസ് വരെയും കുറഞ്ഞ താപനില ശരാശരി 0.83 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കാമെന്നാണ് പ്രവചിച്ചിട്ടുള്ളത്.
നല്ല വേനല്‍മഴ കിട്ടിയില്ലെങ്കില്‍ ഏപ്രില്‍ പകുതിയാകുമ്പോഴേക്കും കിണറുകളും ജലാശയങ്ങളും വരണ്ടുണങ്ങുമെന്നും, സംസ്ഥാനം കടുത്ത വരള്‍ച്ചയെ അഭിമുഖീകരിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.