ഷഹീൻ ബാഗില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു; കനത്ത സുരക്ഷ

0
172

ദില്ലി: (www.mediavisionnews.in) പ്രതിഷേധ മാര്‍ച്ചുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഷഹീൻ ബാഗ് അടക്കമുള്ള ദില്ലി പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് ദില്ലി പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. വന്‍ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചു. വടക്ക് കിഴക്കന്‍ ദില്ലിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കലാപത്തില്‍ നാല്‍പ്പതിലേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഷെഹീന്‍ ബാഗില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്.

നാലഞ്ച് ദിവസമായി സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ പ്രചരണങ്ങൾ നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി മുൻകരുതൽ എടുത്തതാണെന്നും സ്ഥലത്ത് പ്രതിഷേധം നടത്തരുതെന്ന് പ്രാദേശിക നേതാക്കളോട് അഭ്യർഥിച്ചതായും അഡി. ഡിസിപി ആർപി മീണ പ്രതികരിച്ചു.

പൗരത്വ നിയമഭേദഗതിയെത്തുടര്‍ന്നുള്ള സംഘര്‍ഷം ദില്ലിയില്‍ നാല്പതിലധികം പേരുടെ ജീവനെടുത്ത കലാപമായപ്പോഴും ഷഹീന്‍ ബാഗില്‍ സമരം തുടരുകയാണ്. ഡിസംബര്‍ 15 ന് തുടങ്ങിയ സമരം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവരികയായിരുന്നു. മതത്തിന്‍റെ പേരിലുള്ള സംഘര്‍ഷം ഉണ്ടായില്ലെന്നും ആര്‍എസ്എസ് ഗുണ്ടകളാണ് അക്രമം നടത്തിയതെന്നുമാണ് സമരക്കാരുടെ ആരോപണം.

കലാപം ഷഹീന്‍ബാഗിലെ സമരത്തെ ബാധിച്ചിട്ടില്ല. കലാപത്തിന് മുമ്പ് എങ്ങനെയാണോ സമരമുണ്ടായത് അതുപോലെ ഇപ്പോഴും തുടരുന്നു. കലാപത്തിന് മുമ്പുണ്ടായിരുന്ന അത്ര ആള്‍ക്കൂട്ടം ഇല്ലെങ്കിലും സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ തന്നെയാണ് സമരക്കാരുടെ തീരുമാനം. കലാപത്തെ ഇരുമതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് സമരക്കാര്‍ നേരത്തെ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here